രാജ്യം വീരചക്ര ബഹുമതി നല്‍കി ആദരിച്ചിട്ടും ട്രാഫിക് ഹെഡ് കോണ്‍സ്റ്റബിള്‍ ആയി ജോലി ചെയ്യേണ്ടിവന്ന സൈനിക ഉദ്യോഗസ്ഥന് പഞ്ചാബ് സര്‍ക്കാര്‍ ഡബിള്‍ പ്രമോഷന്‍ നല്‍കി. സൈനിക ഉദ്യോഗസ്ഥനായിരുന്ന സത്പാല്‍ സിംഗിനാണ് ഡബിള്‍ പ്രമോഷനോടെ സര്‍ക്കാര്‍ എ.എസ്.ഐ ആയി നിയമനം നല്‍കിയത്. ഇത്തരം അനീതികള്‍ ഇനി നടക്കാതിരിക്കാനുള്ള നടപടികള്‍ ഉണ്ടാകുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പറഞ്ഞു.
കാര്‍ഗില്‍ യുദ്ധവിജയ ആഘോഷ ദിവസമാണ് 20 വര്‍ഷം മുമ്പ് രാജ്യം വീരചക്ര ബഹുമതി നല്‍കിയ സൈനികന്‍ ട്രാഫിക് ഡ്യൂട്ടി ചെയ്യുന്ന വാര്‍ത്ത പുറത്തു വന്നത്. ഇതോടെ സംഭവം വലിയ ചര്‍ച്ചയായി.
1999- ല്‍ കാര്‍ഗില്‍ യുദ്ധത്തിന്റെ ഭാഗമായി പാകിസ്ഥാനുമായി ടൈഗര്‍ ഹില്ലില്‍ നടത്തിയ ഏറ്റുമുട്ടലില്‍ പാകിസ്ഥാന്‍ ആര്‍മിയുടെ ക്യാപ്റ്റന്‍ കര്‍നാല്‍ ഷേര്‍ ഖാന്‍ ഉള്‍പ്പെടെ നാലുപേരെ സത്പാല്‍ സിംഗ് വധിച്ചിരുന്നു. ഇതിനാണ് രാജ്യം അദ്ദേഹത്തിന് വീരചക്ര നല്‍കി ആദരിച്ചത്. പാകിസ്ഥാന്‍ ഷേര്‍ഖാനെ പാകിസ്ഥാന്‍ പരമോന്നത ബഹുമതിയായ നിഷാന്‍ ഇ ഹൈദര്‍ നല്‍കിയും ആദരിച്ചിരുന്നു.
2009- ല്‍ സൈനത്തില്‍ നിന്നു വിരമിച്ച സത്പാല്‍ സിംഗ് എക്‌സ് സര്‍വീസ് മെന്‍ ക്വാട്ടയില്‍ ജോലിക്ക് അപേക്ഷിച്ച് ട്രാഫിക് പൊലീസില്‍ എത്തുകയായിരുന്നു.
എക്‌സ് സര്‍വീസ് മെന്‍ ക്വാട്ടയില്‍ അപേക്ഷിച്ചതിനാല്‍ ഞാനിവിടെ വെറും ഹെഡ്‌കോണ്‍സ്റ്റബിളാണ്. എന്റെ വീരചക്ര പരിഗണിക്കപ്പെടുന്നു പോലുമില്ലെന്ന് സത്പാല്‍ സിംഗ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍ പെട്ട പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ഇടപ്പെട്ട് സത്പാലിന് ഉദ്യോഗക്കയറ്റം നല്‍കുകയായിരുന്നു.