വെള്ളിയാഴ്ച രാത്രി 191 യാത്രികരുമായി ദുബായിൽ നിന്ന് വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കരിപ്പൂർ വിമാനത്താവളത്തിലെ റൺവേയിൽ നിന്ന് തെന്നിമാറി കഷണങ്ങളായി തകർന്നപ്പോൾ രണ്ട് പൈലറ്റുമാർ ഉൾപ്പെടെ പതിനെട്ട് പേരാണ് മരിച്ചത്. ദുരന്തം ഉണ്ടായ ടേബിൾടോപ്പ് റൺവേ ആഴത്തിലുള്ള മലയിടുക്കുകളാൽ ചുറ്റപ്പെട്ട അപകട സാദ്ധ്യത ഏറെ ഉള്ള ഒന്നായിരുന്നു എന്നാണ് വിദഗ്‌ദ്ധർ അഭിപ്രായപ്പെടുന്നത്.
ബോയിംഗ് 737 വിമാനം റൺവേ 10 ൽ ഇറങ്ങാൻ രണ്ട് ശ്രമങ്ങൾ നടത്തിയതായി ഫ്ലൈറ്റ് റഡാർ പറയുന്നു. ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്‌സൈറ്റായ ഫ്ലൈറ്റ് റഡാർ24 ലെ പ്ലേബാക്ക് അനുസരിച്ച്, വിമാനം ലാൻഡിംഗിന് മുമ്പ് നിരവധി തവണ വിമാനത്താവളം ചുറ്റിക്കറങ്ങി.
വിമാനം ലാൻഡിംഗിനു ശേഷം റൺവേയുടെ അറ്റം വരെ ഓടുന്നത് തുടരുകയും താഴ്‌വരയിലേക്ക് വീഴുകയും രണ്ട് കഷണങ്ങളായി തകരുകയും ചെയ്തുവെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പ്രസ്താവനയിൽ പറഞ്ഞു.
കരിപ്പൂർ വിമാനത്താവളത്തിലെ ടേബിൾടോപ്പ് റൺവേ ഒരു കുന്നിന്റെ മുകളിൽ ആണ് സ്ഥിതിചെയ്യുന്നത്, ഇത് ചെങ്കുത്തായ ആഴത്തിലുള്ള മലയിടുക്കുകളാൽ ചുറ്റപ്പെട്ടാണ് കിടക്കുന്നത്.
വിമാനത്താവളം ഒരു കുന്നിൻ മുകളിലാണ് സ്ഥിതിചെയ്യുന്നത്, റൺവേയുടെ നീളം സംബന്ധിച്ച സുരക്ഷാ പ്രശ്‌നങ്ങൾ കാരണം നിരവധി അന്താരാഷ്ട്ര വിമാനക്കമ്പനികൾ തങ്ങളുടെ ബോയിംഗ് 777, എയർബസ് എ 330 ജെറ്റുകൾ ഉൾപ്പെടെയുള്ള വലിയ വിമാനങ്ങൾ കരിപ്പൂർ വിമാനത്താവളത്തിലേക്ക് പറക്കുന്നത് നിർത്തിയിരുന്നു.
കരിപ്പൂർ വിമാനത്താവളം ലാൻഡിംഗിന് സുരക്ഷിതമല്ലെന്ന് ഒൻപത് വർഷം മുമ്പ് താൻ ഒരു റിപ്പോർട്ടിൽ വിശദീകരിച്ചിട്ടുണ്ടെന്ന് എയർ സേഫ്റ്റി വിദഗ്‌ദ്ധൻ ക്യാപ്റ്റൻ മോഹൻ രംഗനാഥൻ പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.
കേരളത്തിലെ നാല് വിമാനത്താവളങ്ങളിൽ കരിപ്പൂർ വിമാനത്താവളത്തിന് ഏറ്റവും നീളം കുറഞ്ഞ റൺവേ ആണ് ഉള്ളത്. കഴിഞ്ഞ കാലങ്ങളിൽ തുടർച്ചയായ മഴയിൽ റൺവേയ്ക്ക് ഗുരുതരമായ നാശനഷ്ടമുണ്ടായി.
“റൺവേയിൽ കുത്തനെയുള്ള ഇടിവുണ്ട്, സുരക്ഷാ സ്ഥലമില്ല. ഒൻപത് വർഷം മുമ്പ് അവർക്ക് മുന്നറിയിപ്പുമായി തെളിവുകൾ നൽകിയെങ്കിലും അവർ തുടർന്നും പ്രവർത്തിക്കുകയും വിമാനത്താവളം സുരക്ഷിതമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.” ക്യാപ്റ്റൻ മോഹൻ രംഗനാഥൻ പറഞ്ഞു. 2020- ൽ ചില വ്യോമതാവളങ്ങളിൽ ദുരന്തം ഉണ്ടാവുമെന്ന് പ്രവചിച്ചിട്ടുണ്ടെന്നും അതിൽ കരിപ്പൂർ ഉൾപ്പെട്ടിട്ടുണ്ടെന്നും ക്യാപ്റ്റൻ മോഹൻ രംഗനാഥൻ പറഞ്ഞു.
“മരണം സംഭവിച്ചിട്ടുണ്ടെങ്കിൽ അത് കൊലപാതകമാണ്, ക്രിമിനൽ കുറ്റമാണ്,” അദ്ദേഹം ആരോപിച്ചു.
”അത്യാധുനിക ബോയിംഗ് 737 വിമാനമാണ് മഴയെ തുടർന്ന് റൺവേയെ മറികടന്ന് ഒരു താഴ്വരയിൽ നിന്ന് തെന്നിമാറി കഷണങ്ങളായി തകർന്നത്. ടാർമാക്കിന്റെ (താറും മെറ്റലും ചേര്‍ത്തു റോഡ്) ഇരുവശത്തും 200 അടി ആഴത്തിലുള്ള മലയിടുക്കുകൾ ഉണ്ട്. ഇത് വളരെ കുത്തനെയുള്ള ഇടിവാണ്. കണ്ണും പൂട്ടിയാണ് വിമാനക്കമ്പനികൾ അവിടെ പ്രവർത്തിക്കുന്നത്,” ക്യാപ്റ്റൻ രംഗനാഥൻ പറഞ്ഞു.
Read more
അതേസമയം വിമാനത്താവളം ഒരു തരത്തിലും ചെറുതല്ലെന്നും നിരവധി അന്താരാഷ്ട്ര വിമാനങ്ങൾ ഇവിടെ ഇറങ്ങിയിട്ടുണ്ടെന്നും കനത്ത മഴയും വേഗം കൂടിയ കാറ്റും ഉൾപ്പെടെയുള്ള കടുത്ത കാലാവസ്ഥയാണ് ദുരന്തമുണ്ടാക്കിയതെന്നും കോൺഗ്രസ് എം.പി ശശി തരൂർ പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.