കർണാടക എം.എൽ.സി തിരഞ്ഞെടുപ്പ്; കോൺഗ്രസിന് അട്ടിമറി വിജയം

കര്‍ണാടക എംഎല്‍സി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അട്ടിമറി വിജയം. നാല് മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഒരു സീറ്റിലാണ് കോണ്‍ഗ്രസിന് അട്ടിമറി വിജയം നേടാനായത്. ബിജെപിയുടെ ശക്തികേന്ദ്രമായിരുന്ന നോര്‍ത്ത് വെസ്റ്റ് ഗ്രാജുവേറ്റ്‌സ് മണ്ഡലത്തിലാണ് കോണ്‍ഗ്രസ് വിജയം നേടിയത്.

തുടര്‍ച്ചയായി രണ്ട് തവണ വിജയിച്ച ബിജെപി യുവനേതാവ് അരുണ്‍ സഹാപൂരിനെ കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായി പ്രകാശ് ഹുക്കേരിയാണ് അട്ടിമറിച്ചത്. നാല് മണ്ഡലങ്ങളിൽ രണ്ട് മണ്ഡലങ്ങളുടെ ഫലമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

ശക്തികേന്ദ്രമായിരുന്ന നോര്‍ത്ത് വെസ്റ്റ് ഗ്രാജുവേറ്റ്‌സ് മണ്ഡലത്തിൽ പരാജയപ്പെട്ടത് ബിജെപിക്ക് വലിയ തിരിച്ചടിയാണ്. മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന 33 നിയോജക മണ്ഡലങ്ങളിൽ 22 എംഎല്‍എമാരും ബിജെപിയുടേതാണ്.

Read more

തെരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലാത്ത സൗത്ത് ഗ്രാജുവേറ്റ്‌സ് മണ്ഡലത്തിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മധു ജി മാധേഗൗഡ മുന്നിലാണ്. നോര്‍ത്ത് വെസ്റ്റ് ഗ്രാജുവേറ്റ് മണ്ഡലത്തില്‍ ത്രികോണ മത്സരമാണ് നടക്കുന്നത്.