കര്‍ണാടകയില്‍ എംഎല്‍എമാര്‍ക്കും മന്ത്രിമാര്‍ക്കും വാരിക്കോരി ശമ്പളവര്‍ദ്ധനവ് നടപ്പിലാക്കി സര്‍ക്കാര്‍. നിലവിലെ ശമ്പളത്തെക്കാള്‍ ഇരട്ടിയാക്കിയാണ് വര്‍ദ്ധന നടപ്പിലാക്കിയിരിക്കുന്നത്.
അടിസ്ഥാന ശമ്പളം 40000 രൂപയില്‍ നിന്ന് ഒറ്റയടിക്ക് 80,000 രൂപയാക്കി. നിലവില്‍ എംഎല്‍എമാര്‍ക്ക് അലവന്‍സുകളടക്കം മൂന്ന് ലക്ഷത്തോളം രൂപ മാസവരുമാനമുണ്ട്. പുതിയ ശമ്പള വര്‍ധനവോടെ ഇത് അഞ്ച് ലക്ഷം രൂപവരെ ആയി വര്‍ധിക്കും. രണ്ട് ലക്ഷത്തോളം രൂപയുടെ വര്‍ധനവാണ് ഒറ്റയടിക്ക് ഉണ്ടായത്. ഖജനാവിന് വന്‍ഭാരമാണ് പുതിയ വര്‍ദ്ധനവ് വരുത്തിവെച്ചിരിക്കുന്നത്.
എല്ലാവരും അതിജീവിക്കണം, സാധാരണക്കാരെപ്പോലെ നമ്മളും കഷ്ടപ്പെടുകയാണ്. മന്ത്രിമാരുടെ ഭാരവും വര്‍ധിച്ചു കൊണ്ടിരിക്കുകയാണെന്ന് വര്‍ദ്ധനവിനെ ന്യായീകരിച്ചുകൊണ്ട് ആഭ്യന്തരമന്ത്രി ജി പരമേശ്വര പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രിയുടെ ശമ്പളം 75000 രൂപയില്‍ നിന്ന് ഒന്നരലക്ഷം രൂപയാക്കി വര്‍ധിപ്പിച്ചു. മന്ത്രിയുടെ ശമ്പളം 60000 രൂപയില്‍ നിന്ന് ഒന്നേകാല്‍ ലക്ഷമാക്കി. സ്പീക്കര്‍ക്ക് അടിസ്ഥാന ശമ്പളം അരലക്ഷം രൂപ വര്‍ധിപ്പിച്ചു. ഇതോടെ 1.25 ലക്ഷം രൂപയായി വര്‍ധിച്ചു.
വിവിധ സാമൂഹിക പദ്ധതികള്‍ക്കുള്ള ധനസഹായം ഉള്‍പ്പെടെയുള്ളവയ്ക്ക് വലിയ സാമ്പത്തിക വെല്ലുവിളി നേരിടുന്നതിനിടെയാണ് ഇത്തരത്തില്‍ ഒരു തീരുമാനം കൂടി സര്‍ക്കാര്‍ നടപ്പിലാക്കിയത്. ഇതു അടുത്ത ദിവസങ്ങളില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയേക്കും.