കര്‍ണാടകയില്‍ ഹിജാബ് നിരോധനത്തിനെതിരെ പ്രതിഷേധിച്ച പത്ത് വിദ്യാര്‍ത്ഥിനികള്‍ക്ക് എതിരെ കേസെടുത്തു. തുമാകൂരില്‍ ഹിജാബ് ധരിച്ച് കോളജില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട ഒരു കൂട്ടം വിദ്യാര്‍ത്ഥിനികള്‍ക്കെതിരെയാണ് നിയമവിരുദ്ധമായി സംഘം ചേര്‍ന്നതിന് കേസെടുത്തത്. നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം സംഘടിപ്പിച്ചതിന് സെക്ഷന്‍ 144 പ്രകാരമാണ് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തത്.
ഫെബ്രുവരി 17നായിരുന്നു സംഭവം. തുമകൂരിലെ ഗേള്‍സ് എംപ്രസ് ഗവണ്‍മെന്റ് പി.യു കോളജിന് പുറത്താണ് പ്രതിഷേധം നടന്നത്. വിദ്യാര്‍ത്ഥികളെ കോളജ് കാമ്പസിലേക്ക് പ്രവേശിക്കുന്നത് പൊലീസ് തടഞ്ഞിരുന്നു. ഹിജാബ് അഴിച്ചാല്‍ മാത്രമേ പ്രവേശനം അനുവദിക്കൂ എന്ന് അവര്‍ അറിയിച്ചു. എന്നാല്‍ വിദ്യാര്‍ത്ഥിനികള്‍ ഇത് ചോദ്യം ചെയ്യുകയും കോളജ് അധികൃതരോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെ കോളജിന്റെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തിയെന്ന് കാണിച്ച് പ്രിന്‍സിപ്പാള്‍ പരാതി നല്‍കുകയായിരുന്നു.
കോളജ് ക്യാമ്പസിന്റെ 200 മീറ്റര്‍ പരിധിയില്‍ സി.ആര്‍.പി.സി സെക്ഷന്‍ 144 പ്രകാരം പൊലീസ് നിരോധനാജ്ഞ നടപ്പാക്കിയിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മുന്‍കരുതല്‍ എന്ന നിലയിലാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്.
ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് കേസുകള്‍ കര്‍ണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്. ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി, ജസ്റ്റിസ് ജെഎം ഖാസി, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. വിഷയത്തില്‍ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ ക്യാമ്പസില്‍ മതപരമായ വസ്ത്രങ്ങള്‍ ധരിക്കുന്നത് വിലക്കിക്കൊണ്ട് കോടതി ഇടക്കാല ഉത്തരവിറക്കിയിരുന്നു. ഹിജാബ് ഇസ്ലാമില്‍ അനിവാര്യമായ ഒന്നല്ലെന്നും, ഹിജാബ് നിരോധനം മതസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 ന്റെ ലംഘനമല്ലെന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയത്.
അതേസമയം ഹിജാബ് വിവാദത്തില്‍ ഉഡുപ്പിയിലെ മഹാത്മാഗാന്ധി മെമ്മോറിയല്‍ കോളജ് 10 ദിവസത്തേക്ക് അടച്ചിട്ട ശേഷം വെള്ളിയാഴ്ച വീണ്ടും തുറന്നിരുന്നു. പ്രീ-യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് പ്രായോഗിക പരീക്ഷകള്‍ നിശ്ചയിച്ചിരുന്നതിനാല്‍ കനത്ത പൊലീസ് സുരക്ഷയിലാണ് കോളജ് വീണ്ടും തുറന്നതെന്ന് അധികൃതര്‍ അറിയിച്ചു. ശിരോവസ്ത്രവും ഹിജാബും ധരിച്ച വിദ്യാര്‍ത്ഥികളെ കോളജിനുള്ളില്‍ അനുവദിച്ചിരുന്നില്ല.