Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

NATIONAL

രാവിലെ ബിജെപിയെ പിന്തുണച്ച സ്വതന്ത്രന്‍ വൈകുന്നേരം കോണ്‍ഗ്രസ് ക്യാമ്പില്‍; രണ്ടാം സ്വതന്ത്രന്‍ ബിജെപിക്കൊപ്പം തന്നെ; മന്ത്രിപദം വരെ വാഗ്ദാനം ചെയ്ത് ബിജെപിയുടെ ‘ചാക്കിട്ടുപിടുത്തം ‘

, 7:31 pm

കര്‍ണാടകയില്‍ നിമിഷങ്ങള്‍ കൊണ്ടു കളം മാറുന്ന രാഷ്ട്രീയക്കളി തുടരുന്നു. ഇന്ന് രാവിലെ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവായ യെദ്യൂരപ്പയെ കണ്ട് ചര്‍ച്ച നടത്തിയ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ആര്‍ ശങ്കര്‍ കോണ്‍ഗ്രസിന് പിന്തുണ അറിയിച്ചു. അതേസമയം രണ്ടാമത്തെ സ്വതന്ത്രനായ നാഗേഷ് ബിജെപിക്ക് അനുകൂലമായി നിലപാടെടുത്തതായി വിവരം ലഭിച്ചു.

മുംബൈ കര്‍ണാടക മേഖലയിലെ ഹവേരി ജില്ലയിലെ റാണെബെന്നൂര്‍ സീറ്റില്‍ നിന്നാണ് ശങ്കര്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി വിജയിച്ചത്. കോണ്‍ഗ്രസിന്റെ കൃഷ്ണപ്പ ഭീമപ്പ കോളിവാദിനെ 4388 വോട്ടുകള്‍ക്കാണ് ശങ്കര്‍ പരാജയപ്പെടുത്തിയത്. ഇന്ന് രാവിലെ യെദ്യൂരപ്പയെ നേരില്‍ കണ്ട് ചര്‍ച്ച നടത്തിയ ശങ്കര്‍ വൈകുന്നേരം, കോണ്‍ഗ്രസിന് പിന്തുണ അറിയിച്ച് രംഗത്തെത്തി.

അതേസമയം കോലാര്‍ ജില്ലയിലെ മുല്‍ബഗല്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥി എച്ച് നാഗേഷ് ബിജെപിക്കൊപ്പം തന്നെയെന്ന് സൂചന ലഭിച്ചു. കര്‍ണാടകയില്‍ ഭൂരിപക്ഷം പിടിക്കാനായി ബിജെപി രാഷ്ട്രീയ കുതിരക്കച്ചവടം നടത്തുകയാണ്. ബയ്യാപൂരില്‍ നിന്ന് ജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അമരെഗൗഡയ്ക്ക ബിജെപി മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തുകൊണ്ട് സമീപിച്ചിരുന്നതായി അമരെഗൗഡ വെളിപ്പെടുത്തി. എന്നാല്‍ ബിജെപിയിലേക്ക് വരാന്‍ താല്‍പര്യമില്ലെന്നും ഇവിടെ തന്നെ ഉറച്ചു നില്‍ക്കുമെന്നും എച്ച് ഡി കുമാരസ്വാമിയാണ് മുഖ്യമന്ത്രിയെന്നും താന്‍ മറുപടി കൊടുത്തതായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കര്‍ണാടക നിയമസഭയില്‍ ആകെയുള്ള 224 സീറ്റില്‍ 222 സീറ്റുകളിലേക്ക് നടന്ന മത്സരത്തില്‍ 103 സീറ്റുകള്‍ ബിജെപിയും, 78 സീറ്റുകള്‍ കോണ്‍ഗ്രസും, 37 സീറ്റുകള്‍ ജെഡിഎസും നേടിയപ്പോള്‍ മൂന്നുപേരാണ് മറ്റുപാര്‍ട്ടികളില്‍ നിന്ന് മത്സരിച്ച് ജയിച്ചത്.

അതേസമയം, സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിച്ച് ജെഡിഎസ് നേതാവ് കുമാരസ്വാമി ഗവര്‍ണറെ കാണാന്‍ രാജ്ഭവനിലെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് എംഎല്‍എമാരും രാജ്ഭവനിലേക്ക് പുറപ്പെട്ടു. ഗവര്‍ണറെ കാണാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ രാജ്ഭവനിന് മുന്നില്‍ പ്രതിഷേധിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. 117 എംഎല്‍എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യത്തിന്റെ അവകാശവാദം.

Advertisement