Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

NATIONAL

കര്‍ണാടകയിലെ പ്രബല ജാതി സമുദായങ്ങളെ പിന്നിലാക്കി ദളിത്, മുസ്ലിം ജനസംഖ്യയില്‍ വര്‍ധനവ്

, 5:26 pm

കര്‍ണാടകയിലെ പ്രബല ജാതി സമുദായങ്ങളെ പിന്നിലാക്കി ദളിത്, മുസ്ലിം ജനസംഖ്യ വര്‍ധിച്ചതായി സെന്‍സസ് റിപ്പോര്‍ട്ട്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പുതിയ കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്. കര്‍ണാടക സര്‍ക്കാരിന്റെ ‘സോഷ്യോ ഇക്കണോമിക് സര്‍വ്വെ’ എന്ന പേരിട്ടിരിക്കുന്ന ജാതി സര്‍വ്വെയിലെ വിവരങ്ങള്‍ ന്യൂസ് 18നാണ് പുറത്തു വിട്ടിരിക്കുന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ലിംഗായത്ത്, വൊക്കലിഗ എന്നീ പ്രബല സമുദായങ്ങള്‍ക്ക് മികച്ച സ്വാധീനമുള്ള മേഖലയായിരുന്നു. ഇത് മറികടന്നാണ് ദളിത്, മുസ്ലിം ജനസംഖ്യ വര്‍ധിച്ചതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. സര്‍വ്വെ പ്രകാരം സംസ്ഥാനത്തെ ഏറ്റവും വലിയ സമുദായമായി ദളിത് ജനസംഖ്യ വളര്‍ന്നിട്ടുണ്ട്. 19.5 ശതമാനമാണ് ദളിത് പ്രാധിനിത്യം. 16 ശതമാനമാണ് മുസ്ലിം ജനസംഖ്യ. ലിംഗായത്ത് 14 ശതമാനവും വൊക്കലിഗ 11 ശതമാനവുമാണുള്ളത്. ഒ.ബി.സി വിഭാഗത്തില്‍ കുറുബ സമുദായം മാത്രമായി 7 ശതമാനമുണ്ട്. ബാക്കിയുള്ള ഒ.ബി.സി 16%, ബ്രാഹ്മണര്‍ 3%, ക്രിസ്ത്യാനികള്‍ 3%, ബുദ്ധ, ജൈന വിഭാഗങ്ങള്‍ 2%, ബാക്കിയുള്ളവ 4% എന്നിങ്ങനെയാണ് കണക്കുകളെന്ന് ന്യൂസ് 18 റിപ്പോര്‍ട്ടില്‍ പറയുന്നു.

കര്‍ണാടകയില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ രാഷ്ട്രീയധികാരമുള്ളത് ലിംഗായത്ത്, വൊക്കലിഗ സമുദായങ്ങള്‍ക്കാണ്. പാര്‍ട്ടികള്‍ക്കതീതമായി 50 ശതമാനം എം.പി, എം.എല്‍.എ സീറ്റുകളും ഈ രണ്ടു സമുദായങ്ങളില്‍പ്പെട്ടവര്‍ക്കാണുള്ളത്. പുതിയ സര്‍വ്വെ പ്രകാരം എസ്.സി,എസ്.ടി, മുസ്ലിം, കുറുബ സമുദായങ്ങള്‍ ഒരുമിച്ച് 47.5 ശതമാനമാകും. അതേ സമയം സര്‍വ്വെക്കെതിരെ ലിംഗായത്ത്, വൊക്കലിഗ സമുദായ നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ ഇത്തരമൊരു സര്‍വ്വെ നടത്തുന്നതിനെതിരെയും എതിര്‍പ്പുണ്ടായിരുന്നു.

സംസ്ഥാനത്തെ ജാതിയുടെ അടിസ്ഥാനത്തില്‍ വിഭജിക്കാനുള്ള സിദ്ധരാമയ്യയുടെ നീക്കമാണിതെന്ന് കര്‍ണാടക ബി.ജെ.പി അദ്ധ്യക്ഷന്‍ ബി.എസ് യെദിയൂരപ്പയും ജെ.ഡി.എസ് പ്രസിഡന്റ് എച്ച്.ഡി കുമരസ്വാമിയും പ്രതികരിച്ചു. സംസ്ഥാനത്തെ പ്രമുഖ പാര്‍ട്ടികളുടെ വോട്ടുബാങ്കായി കാലങ്ങളായി പ്രവര്‍ത്തിക്കുന്ന പ്രബല സമുദായങ്ങളെ പിന്നിലാക്കി ദളിത്, മുസ്ലീം, പിന്നോക്ക സമുദായങ്ങള്‍ക്ക് സ്വാധീനമുറപ്പിക്കാനായത് വരുന്ന തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് കളമൊരുങ്ങും. ആറു കോടി ജനസംഖ്യയുള്ള കര്‍ണാടകയില്‍ 4.90 കോടി ആളുകള്‍ വോട്ടവകാശമുള്ളവരാണ്.

Advertisement