മുഖ്യമന്ത്രി പദം തീരുമാനമായതിന് പിറകെ കർണാടക കോൺഗ്രസിന് തലവേദനയായി മന്ത്രി സഭാ രൂപീകരണം. മന്ത്രി സഭയിൽ ആരെയെല്ലാം ഉൾപ്പെടുത്തണം എന്ന കാര്യത്തിലാണ് അടുത്ത ചർച്ചകൾ. ഇന്ന് ഡൽഹിയിൽ ഹൈക്കമാൻഡുമായി കൂടിയാലോചിച്ചാവും അന്തിമ തീരുമാനം. ചർച്ചകൾക്കായി സിദ്ധരാമയ്യയും ശിവകുമാറും വീണ്ടും ഡൽഹിക്ക് തിരിക്കുകയാണ്.
പരമാവധി 34 പേരെയാണ് മന്ത്രി സഭയിൽ അംഗമാക്കാൻ കഴിയുന്നതെങ്കിലും ഇരട്ടിയോളം പേരാണ് മന്ത്രി സ്ഥാനം മോഹിച്ച് നേതൃത്വത്തെ സമീപിച്ചിരിക്കുന്നത്. ഉപമുഖ്യമന്ത്രി പദം പ്രതീക്ഷിച്ച ലിംഗായത്ത്, ദളിത് , മുസ്ലിം വിഭാഗങ്ങളിൽ നിന്ന് വലിയ സമ്മർദ്ദവുമുണ്ട്. സാമുദായിക സമവാക്യങ്ങൾ പാലിക്കുന്നതിനൊപ്പം പ്രധാന വകുപ്പുകൾ വിഭജിക്കുന്നതിലും കടുത്ത പ്രതിസന്ധികളാണ് കാത്തിരിക്കുന്നത്.
Read more
അതേസമയം സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷ പാർട്ടികളുടെ സംഘമവേദിയാക്കാനാണ് കോൺഗ്രസ് നീക്കം. ബിജെപി ഇതര മുഖ്യമന്ത്രിമാരെ ക്ഷണിക്കാൻ ആണ് തീരുമാനം. എന്നാൽ ബിജെപിക്ക് പുറമെ, കേരളം ഭരിക്കുന്ന സിപിഎം മുഖ്യമന്ത്രി പിണറായി വിജയനും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണമില്ല. മറ്റ് കോൺഗ്രസ് മുഖ്യമന്ത്രിമാർക്ക് പുറമെ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് എന്നിവരെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കും.