കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് സമാപനമാകും. 10 ാം തിയതിയാണ് സംസ്ഥാനത്ത് വോട്ടെടുപ്പ്.കഴിഞ്ഞ മൂന്ന ആഴ്ചയിലേറെയായി തീപിടിച്ച് നടന്നിരുന്ന പ്രചാരണപ്രവർത്തനങ്ങളാണ് ഇന്ന് അവസാനിക്കുന്നത്. ബിജെപിക്കും കോൺഗ്രസിനും ജനതാദൾ എസിനും ഒരു പോലെ നിർണായകമാണ് ഈ തിരഞ്ഞെടുപ്പ്. സംസ്ഥാനത്തെ 224 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
അടുത്ത് നടന്ന ഗുജറാത്ത്, മണിപ്പുർ, ഗോവ തിരഞ്ഞെടുപ്പുകളിൽ ലഭിച്ച മേൽക്കൈയാണ് ബിജെപിക്ക് കർണാടകയിലും ആത്മവിശ്വാസം നൽകുന്നത്. എന്നാൽ പ്രചാരണത്തിൽ ബിജെപിയോട് കൊമ്പുകോർക്കാൻ കോൺഗ്രസിനും ജെഡിഎസിനും കഴിഞ്ഞിട്ടുണ്ട്. ബിജെപിക്കു വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയും പ്രചാരണത്തിന് ചുക്കാൻ പിടിച്ചത്.
കോൺഗ്രസിനു വേണ്ടി കർണാടക യിൽ നിന്നുള്ള നേതാവു കൂടിയായ ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ കളത്തിലിറങ്ങി.2019നുശേഷം ആദ്യമായി സോണിയ ഗാന്ധി പ്രചാരണത്തിനെത്തിയതും കോൺഗ്രസ് കർണാടക തെരഞ്ഞെടുപ്പിന് നൽകുന്ന പ്രധാന്യം വ്യക്തമാക്കുന്നുണ്ട്.
മോദിതരംഗം ഉയർത്തി ബിജെപി പതിവുപോലെ വോട്ടർമാരെ ആകർഷിക്കാൻ ശ്രമിച്ചപ്പോൾ.ബിജെപി സർക്കാരിനെതിരായ അഴിമതിയാരോപണങ്ങളിലൂന്നിയായിരുന്നു കോൺഗ്രസ് പ്രചാരണം. പ്രചാരണം പോപ്പുലർ ഫ്രണ്ടിനെയും ബജ്റംഗ് ദളിനെയും നിരോധിക്കുമെന്ന കോൺഗ്രസിന്റെ പ്രകടന പത്രികയിലെ വാഗ്ദാനത്തോടെ കാര്യങ്ങൾ അൽപം വഴിമാറിയിരുന്നു. അത് ബിജെപി ആയുധമാക്കുകയും ചെയ്തു. അത് തിരിച്ചറിഞ്ഞ് കോൺഗ്രസ് പിന്നീട് സംയമനം പാലിക്കുകയായിരുന്നു. മൈസൂർ മേഖലയിലൂടെ ഭൂരിപക്ഷം ഉറപ്പിക്കാൻ ബിജെപി ശ്രമിക്കുമ്പോൾ ഉത്തരകന്നഡയിൽ മേൽക്കൈ നേടാനാണ് കോൺഗ്രസിന്റെ ശ്രമം.
ഹനുമാൻ പിന്തുണച്ച് തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ബിജെപി ശ്രമിച്ചപ്പോൾ ബിജെപിയെ തള്ളി കൂടെ നിൽക്കുമെന്ന് പ്രഖ്യാപിച്ച് ലിംഗായത്തുകളിലാണ് കോൺഗ്രസ് പ്രതീക്ഷ. ഇരു പാർട്ടികളും കത്തിക്കയറുമ്പോൾ പ്രാദേശിക വിഷയങ്ങളെ ഉയർത്തിപ്പിടിച്ചാണ് ജെഡിഎസ് പ്രചാരണം നടക്കുന്നത്. മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയും മകനും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി ഉൾപ്പെടെയുള്ള നേതാക്കൾ വൈകാരികമായി വോട്ടർമാരെ കയ്യിലെടുക്കുവാനും ശ്രമിക്കുന്നുണ്ട്. കർണാടകയിൽ ജെഡിഎസിന്റെ ഭാവി തന്നെ തീരുമാനിക്കുന്ന തെരഞ്ഞെടുപ്പായിരിക്കും ഇത്.