പോക്സോ കേസില്‍ യെദ്യൂരപ്പയുടെ അറസ്റ്റ് തടഞ്ഞ് കർണാടക ഹൈക്കോടതി; ജൂൺ 17 ന് ഹാജരാകാണമെന്ന് നിർദേശം

പോക്സോ കേസില്‍ മുൻ കര്‍ണാടക മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പയ്ക്ക് ആശ്വാസം. യെദ്യൂരപ്പയുടെ അറസ്റ്റ് കർണാടക ഹൈക്കോടതി തടഞ്ഞു. ജൂൺ 17ന് അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാനാണ് ഹൈക്കോടതിയുടെ നിർദ്ദേശം. 17 വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് യെദ്യൂരിയപ്പക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്.

ഫാസ്റ്റ് ട്രാക്ക് കോടതിക്ക് മുൻപാകെ കുറ്റപത്രം സമർപ്പിക്കണം എന്നതിനാലാണ് അറസ്റ്റ് വാറന്റിന് അനുമതി തേടിയത് എന്ന് പൊലീസ് വ്യക്തമാക്കി. രണ്ട് ദിവസം വൈകി യെദ്യൂരപ്പ ഹാജരാകുന്നത് കൊണ്ട് സ്വർഗം ഒന്നും ഇടിഞ്ഞു വീഴില്ലല്ലോ എന്ന് ചോദിച്ച കോടതി ജൂൺ 17 വരെ അറസ്റ്റ് പാടില്ല എന്നും നിർദ്ദേശം നൽകി.

ഇക്കഴിഞ്ഞ ദിവസമാണ് പോക്‌സോ കേസിൽ ബിഎസ് യെദ്യൂരപ്പയെ ആവശ്യമെങ്കിൽ അറസ്റ്റ് ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി ജി പരമേശ്വര വ്യക്തമാക്കിയത്. അറസ്റ്റിന്റെ കാര്യത്തിൽ സംസ്ഥാന ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സിഐഡി) തീരുമാനമെടുക്കുമെന്നും ജി പരമേശ്വര പറഞ്ഞു. കേസിൽ യെദ്യൂരപ്പയ്ക്ക് സിഐഡി നോട്ടീസ് നൽകിയിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. ഡൽഹിയിലായതിനാൽ ജൂൺ 17ന് മാത്രമേ ഹാജരാകാൻ കഴിയൂ എന്നാണ് സിഐഡിയുടെ നോട്ടീസിന് യെദ്യൂരപ്പ മറുപടി നൽകിയത്.

ഇക്കഴിഞ്ഞ ഫെബ്രുവരി രണ്ടിന് സഹായം ചോദിച്ചെത്തിയപ്പോഴാണ് മകളെ പീഡിപ്പിച്ചതെന്നാണ് 17 കാരിയുടെ അമ്മയുടെ പരാതി. പെൺകുട്ടിയുടെ അമ്മ മാർച്ച് 14ന് യെദ്യൂരപ്പയ്ക്കെതിരെ സദാശിവനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. എന്നാൽ,ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നായിരുന്നു യെദ്യൂരപ്പയുടെ പ്രതികരണം.