സിദ്ധരാമയ്യ സര്‍ക്കാര്‍ ഡീസല്‍ വില വര്‍ദ്ധിപ്പിച്ചത് തിരിച്ചടിയായത് കേരളത്തിന്; കര്‍ണാടക ലോറി സമരത്തില്‍ ചരക്ക് നീക്കം നിലച്ചു; അവശ്യസാധനങ്ങളുടെ വില ഉയര്‍ന്നു; വിപണിയില്‍ പ്രതിസന്ധി

സിദ്ധരാമയ്യ സര്‍ക്കാര്‍ പെട്രോള്‍ ഡീസല്‍ വില ഉയര്‍ത്തിയതിനെതിരെയും ടോള്‍ പ്ലാസകളിലെ അമിതനിരക്കിലും പ്രതിഷേധിച്ച് കര്‍ണാടകത്തിലെ ലോറി ഉടമകളുടെ അനിശ്ചിതകാലസമരം ചരക്കുനീക്കത്തെ ബാധിച്ചു. സമരം മൂന്നാം ദിനത്തിലേക്ക് കടന്നതോടെ കേരളത്തിലേക്ക് അടക്കമുള്ള ചരക്ക് നീക്കം പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്.

മുഖ്യമന്ത്രി സിദ്ധരാമയ്യ ലോറിയുടമകളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനാല്‍ സമരം ശക്തമാക്കിയതായി ലോറി അസോസിയേഷന്‍ അറിയിച്ചു.

ഇതോടെ അവശ്യവസ്തുക്കളായ പച്ചക്കറി, പഴം തുടങ്ങിയവയുടെ ചരക്കുനീക്കത്തെ ബാധിച്ചിട്ടുണ്ട്. ഫെഡറേഷന്‍ ഓഫ് കര്‍ണാടക സ്റ്റേറ്റ് ലോറി ഓണേഴ്സ് ആന്‍ഡ് ഏജന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച അര്‍ധരാത്രിയാണ് സമരം തുടങ്ങിയത്.

കേരളത്തിലേക്കുള്‍പ്പെടെയുള്ള ചരക്കുഗതാഗതത്തെ സമരം ബാധിച്ചു. യശ്വന്തപുര, കലാസിപാളയ മാര്‍ക്കറ്റുകളില്‍ ലോറികള്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. അടുത്തിടെ ഡീസലിന് നിരക്കുകൂട്ടിയത് പിന്‍വലിക്കണമെന്നും സംസ്ഥാനപാതയിലെ 18 ടോള്‍ പ്ലാസകളിലും ടോള്‍ ഒഴിവാക്കണമെന്നും ലോറി ഉടമകള്‍ ആവശ്യപ്പെട്ടു.

ഇതുകൂടാതെ ബെംഗളൂരു നഗരത്തില്‍ ചരക്കു വാഹനങ്ങള്‍ക്കുള്ള നിയന്ത്രണങ്ങളില്‍ ഇളവുവേണമെന്നും അതിര്‍ത്തിപ്രദേശങ്ങളില്‍ ആര്‍ടിഒ ചെക്ക് പോസ്റ്റുകള്‍ ഒഴിവാക്കണമെന്നും ലോറി ഉടമകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കര്‍ണാടകയില്‍ അനിശ്ചിതകാല പണിമുടക്ക് കേരളത്തെയാണ് ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്. ചരക്കുകള്‍ വരാത്തതിനാല്‍ അവശ്യവസ്തുക്കളുടെ വില ഉയര്‍ന്ന് തുടങ്ങിയിട്ടുണ്ട്.

പച്ചക്കറികള്‍, ഭക്ഷ്യവസ്തുക്കള്‍, പാല്‍, മരുന്നുകള്‍ തുടങ്ങിയ അവശ്യവസ്തുക്കള്‍ കൊണ്ടുപോകുന്ന വാഹനങ്ങളെ അനിശ്ചിതകാല പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും ചരക്ക് നീക്കം നടക്കുന്നില്ല. ലോറി സമരം ഉരുളക്കിഴങ്ങ്, വെളുത്തുള്ളി, അരി, ഗോതമ്പ്, പയര്‍വര്‍ഗങ്ങള്‍ തുടങ്ങിയ അവശ്യവസ്തുക്കളുടെ വിതരണത്തെ വരും ദിവസങ്ങളില്‍ ബാധിക്കും.

കര്‍ണാടക സര്‍ക്കാര്‍ ഡീസല്‍ വില ലിറ്ററിന് 5.5 രൂപ വര്‍ധിപ്പിച്ചത് ചെറിയ കാര്യമല്ല. സര്‍ക്കാര്‍ ഞങ്ങളുടെ വാക്കുകള്‍ കേട്ടില്ലെങ്കില്‍, സമരം കൂടുതല്‍ ശക്തമാക്കാന്‍ നിര്‍ബന്ധിതരാകും, അതിന്റെ അനന്തരഫലങ്ങള്‍ക്ക് ഞങ്ങള്‍ ഉത്തരവാദികളായിരിക്കില്ലെന്ന് ഫെഡറേഷന്‍ ഓഫ് കര്‍ണാടക സ്റ്റേറ്റ് ലോറി ഓണേഴ്സ് ആന്‍ഡ് ഏജന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജി ആര്‍ ഷണ്‍മുഖപ്പ പറഞ്ഞു.