അറസ്റ്റ് ചെയ്യാന്‍ പെണ്‍പുലികള്‍, പ്രജ്വലിന് കര്‍ണാടക പൊലീസിന്റെ മറുപടി; അതിജീവിതകള്‍ക്ക് ഐക്യദാര്‍ഢ്യവുമായി സര്‍ക്കാര്‍

ലൈംഗിക പീഡന പരാതി നേരിടുന്ന ഹാസനിലെ സിറ്റിംഗ് എംപി പ്രജ്വല്‍ രേവണ്ണയുടെ അറസ്റ്റിലും അതിജീവിതകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കര്‍ണാടക പൊലീസ്. പുലര്‍ച്ചയോടെ ബംഗളൂരു വിമാനത്താവളത്തില്‍ നിന്ന് പ്രജ്വലിനെ കസ്റ്റഡിയിലെടുത്തത് വിനതാ പൊലീസ് ഉദ്യോഗസ്ഥരായിരുന്നു.

വിവാദങ്ങള്‍ക്ക് പിന്നാലെ ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് ഉപയോഗിച്ച് രാജ്യം വിട്ട പ്രജ്വലിനെ ഒരു എസ്പിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ വനിതാ പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. സാധാരണയായി ഇത്തരം കേസുകളില്‍ സ്ത്രീകളായ പ്രതികള്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കാറില്ല.

എന്നാല്‍ പ്രജ്വല്‍ ഉള്‍പ്പെട്ട ലൈംഗിക പീഡന പരാതിയില്‍ അതിജീവിതകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനുള്ള കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ആസൂത്രിതമായ നീക്കമായിരുന്നു ഇതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പുലര്‍ച്ചെ 12.50ന് ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പ്രജ്വലിനെ ഉടന്‍ അന്വേഷണസംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.

Read more

ഏപ്രില്‍ 26ന് ആയിരുന്നു ഹാസനിലെ ലോക്‌സഭ തിരഞ്ഞെടുപ്പ്. വിവാദങ്ങളെ തുടര്‍ന്ന് ഏപ്രില്‍ 27ന് പ്രജ്വല്‍ ജര്‍മ്മനിയിലേക്ക് കടന്നു. തുടര്‍ന്ന് അന്വേഷണ സംഘത്തെ കബളിപ്പിച്ച് 33 ദിവസം വിദേശത്ത് കഴിഞ്ഞ ശേഷമാണ് പ്രജ്വല്‍ തിരികെയെത്തിയത്.