സിദ്ധരാമയ്യയുടെ സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷ സംഗമ വേദിയാക്കും; കേരള മുഖ്യമന്ത്രിക്ക് ക്ഷണമില്ല; കാരണം വ്യക്തമാക്കാതെ കോണ്‍ഗ്രസ്

കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സിദ്ധരാമയ്യ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷ പാര്‍ട്ടികളുടെ സംഗമ വേദിയാക്കും. കേരള മുഖ്യമന്ത്രി പിണറായി വിജയനെയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും ഒഴിവാക്കിയിട്ടുണ്ട്. ഇവരെ രണ്ടു പേരെയും സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല.
ബിജെപി ഇതര മുഖ്യമന്ത്രിമാരെയും നേതാക്കന്മാരെയും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

എല്ലാം കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും ചടങ്ങിനെത്തും. ഇതിന് പുറമെ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് എന്നിവരെവയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ്, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, നാഷണല്‍ കോണ്‍ഫറന്‍സ് മേധാവി ഫാറൂഖ് അബ്ദുള്ള, എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്. നിയമസഭാ കക്ഷി യോഗത്തിന് ശേഷം സിദ്ധാരമയ്യയും ഡികെ ശിവകുമാറും ഗവര്‍ണറെ കണ്ട് മന്ത്രിസഭ രൂപീകരിക്കാനുള്ള അവകാശ വാദം നാളെ ഉന്നയിക്കും.

കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞ് ദിവസങ്ങളോളം നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമായിരിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സിദ്ധരാമയ്യ തന്നെ എത്തും. ആദ്യ ടേമില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയാവുമ്പോള്‍ പിന്നീട് ഡികെ ശിവകുമാര്‍ മുഖ്യമന്ത്രി ആവുമെന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി പദത്തിലെ ടേം വ്യവസ്ഥയായ 2-3 ഫോര്‍മുല നേതാക്കള്‍ അംഗീകരിച്ചെന്നാണ് സൂചന. ശിവകുമാര്‍ മുന്നോട്ടുവെച്ച ആവശ്യങ്ങളും പുറത്തുവരുന്നുണ്ട്. ഉപമുഖ്യമന്ത്രിയായി ഒരാള്‍ മാത്രമേ ഉണ്ടാവുകയുള്ളു. നേരത്തെ, മൂന്ന് ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടായിരിക്കുമെന്നാണ് പുറത്തുവന്നിരുന്നത്.

Read more

ആഭ്യന്തരം, മൈനിംഗ്, നഗര വികസനം, പൊതുമരാമത്ത് വകുപ്പുകള്‍ തനിക്ക് നല്‍കണമെന്നും ഡി.കെ ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടിക്ക് വേണ്ടി ഡി.കെ നടത്തിയ കഠിനാധ്വാനം വെറുതെയാകില്ലെന്ന് സോണിയ ഗാന്ധി ഉറപ്പ് നല്‍കിയിട്ടുണ്ട്.
മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ തീരുമാനിച്ച വിവരം ബംഗളൂരുവില്‍ പ്രഖ്യാപിക്കും. ശനിയാഴ്ചയാണ് സത്യപ്രതിജ്ഞ. ഇന്ന് വൈകിട്ട് 7 മണിക്ക് നിയമസഭാ കക്ഷിയോഗം വിളിച്ചിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനം നല്‍കാതെ വഴങ്ങില്ലെന്ന ഡി.കെ ശിവകുമാറിന്റെ കടുത്ത നിലപാടിനെ തുടര്‍ന്ന് കര്‍ണാടകയില്‍ അനിശ്ചിതത്വം തുടരുകയായിരുന്നു.