എട്ട് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നിർബന്ധിത പഠന വിഷയമാക്കും; നിർണായക തീരുമാനവുമായി കർണാടക

സ്കൂളുകളിൽ എട്ട് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ലൈംഗിക വിദ്യാഭ്യാസം നിർബന്ധിത പഠന വിഷയമാക്കാൻ പദ്ധതിയുമായി കർണാടക സർക്കാർ. ആഴ്ചയിൽ രണ്ടുതവണ ലൈംഗിക വിദ്യാഭ്യാസം നൽകാനാണ് കർണാടക സർക്കാർ തീരുമാനിച്ചിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് സൈബർ സുരക്ഷാ പാഠങ്ങളും കൗൺസിലിംഗും ഏർപ്പെടുത്താനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്.

കർണാടകയിലെ ലൈംഗിക വിദ്യാഭ്യാസത്തിനെതിരായ മുൻകാല ചെറുത്തുനിൽപ്പുകൾക്ക് വിരുദ്ധമാണ് ഈ നീക്കം. കഴിഞ്ഞ കുറെ കാലങ്ങളായി സ്കൂളുകളിലെ ലൈംഗിക വിദ്യാഭ്യാസം ഒരു തർക്ക വിഷയമാണ്. 2011-ൽ, യൂണിസെഫിന്റെയും കുട്ടികളുടെ അവകാശ ഗ്രൂപ്പുകളുടെയും ശുപാർശകൾ ഉണ്ടായിരുന്നിട്ടും, എയ്ഡ്സ് വിരുദ്ധ പദ്ധതിയുടെ ഭാഗമായി ഇത് അവതരിപ്പിക്കാനുള്ള നിർദ്ദേശം സംസ്ഥാന സർക്കാർ പൂർണ്ണമായും നിരസിച്ചിരുന്നു.

എന്നാൽ അത്തരം വിദ്യാഭ്യാസം വിദ്യാർത്ഥികൾക്ക് അനുചിതമായിരിക്കുമെന്നാണ് ഉദ്യോഗസ്ഥർ വാദിച്ചത്. നീണ്ട ചർച്ചകൾക്കൊടുവിലാണ് ഇപ്പോൾ പുതിയ നീക്കവുമായി സർക്കാർ രംഗത്തെത്തിയത്. ധാർമ്മിക വിദ്യാഭ്യാസത്തോടൊപ്പം 8 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ലൈംഗിക വിദ്യാഭ്യാസം ഏർപ്പെടുത്താനുള്ള പദ്ധതികൾ സർക്കാർ പ്രഖ്യാപിച്ചു.

ഇതനുസരിച്ച് പുതിയ പദ്ധതി പ്രകാരം, പ്രാദേശിക ഡോക്ടർമാരുടെ നേതൃത്വത്തിൽ ആഴ്ചയിൽ രണ്ടുതവണ വിദ്യാർത്ഥികൾ ലൈംഗിക വിദ്യാഭ്യാസ ക്ലാസുകൾ നൽകും. പ്രത്യുൽപാദന ആരോഗ്യം, ശുചിത്വം, ഉത്തരവാദിത്തമുള്ള തീരുമാനമെടുക്കൽ തുടങ്ങിയ വിഷയങ്ങൾക്കൊപ്പം, കൗമാരക്കാരുടെ ശാരീരിക, വൈകാരിക, ഹോർമോൺ മാറ്റങ്ങൾ മനസ്സിലാക്കാനാണ് ഈ സെഷനുകൾ ലക്ഷ്യമിടുന്നത്. കൂടാതെ, 1 മുതൽ 10 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് വർഷത്തിൽ രണ്ടുതവണ ആരോഗ്യ പരിശോധനയും നടത്തും.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടർമാരും നഴ്‌സുമാരും ശുചിത്വം, രോഗ പ്രതിരോധം, ലഹരിവസ്തുക്കളുടെ ദുരുപയോഗത്തിന്റെ അപകടസാധ്യതകൾ എന്നിവയെക്കുറിച്ച് മാർഗ്ഗനിർദ്ദേശം നൽകും. പെരുമാറ്റ വൈകല്യങ്ങൾ നേരിടുന്ന വിദ്യാർത്ഥികൾക്ക് ശരിയായ പിന്തുണ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സ്കൂളുകൾ കൗൺസിലിംഗ് സേവനങ്ങളും നടപ്പിലാക്കാനാണ് കർണാടക സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

Read more