കേരളത്തിലെ വ്യവസായ മന്ത്രി പി രാജീവിനെതിരെ രൂക്ഷവിമര്‍ശനവുമായി കര്‍ണാടക. ജലക്ഷാമത്തിന്റെ പശ്ചാത്തലത്തില്‍ ബെംഗളൂരുവിലെ ഐ.ടി. കമ്പനികളെ കേരളത്തിലേക്ക് മന്ത്രി ക്ഷണിച്ചതാണ് കര്‍ണാടകയെ ചൊടിപ്പിച്ചിരിക്കുന്നത്. ആകര്‍ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്താന്‍ കേരളത്തിന് സ്വാതന്ത്ര്യമുണ്ടെങ്കിലും അതിന്റെപേരിലുള്ള വിലകുറഞ്ഞ രാഷ്ട്രീയം ശരിയല്ലെന്ന് കര്‍ണാടക വ്യവസായമന്ത്രി എം.ബി. പാട്ടീല്‍ പറഞ്ഞു.
ജലക്ഷാമമുണ്ടെങ്കിലും ബെംഗളൂരുവില്‍ ഐ.ടി. കമ്പനികളുള്ള സ്ഥലങ്ങളെ ഇത് കാര്യമായി ബാധിച്ചിട്ടില്ല. കേരളത്തില്‍നിന്നുള്ള പതിനായിരക്കണക്കിനാളുകള്‍ക്ക് ബെംഗളൂരുവില്‍ വിവിധ കമ്പനികള്‍ ജോലിനല്‍കിയിട്ടുള്ളകാര്യം ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതിന് മുമ്പ് കേരളം ഓര്‍ക്കണമെന്നും പാട്ടീല്‍ പറഞ്ഞു.
ബെംഗളൂരുവിലെ ജലപ്രതിസന്ധി അറിഞ്ഞ് ഐ.ടി. കമ്പനികള്‍ക്ക് എല്ലാസൗകര്യങ്ങളും വെള്ളവും വാഗ്ദാനംചെയ്ത് കേരള വ്യവസായ മന്ത്രി പി. രാജീവ് കത്തെഴുതിയിരുന്നു. ഇതിനെതിരെയാണ് എം.ബി. പാട്ടീല്‍ രംഗത്ത് വന്നിരിക്കുന്നത്.
കേരളത്തിന്റെ നിലപാടിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ജലക്ഷാമം നേരിടുന്ന സമയത്ത് ബെംഗളൂരുവിലെ വ്യവസായങ്ങളെ ആകര്‍ഷിക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ ഫെഡറല്‍ ഐക്യത്തിന് വിരുദ്ധമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ അന്തഃസംസ്ഥാന സഹകരണത്തിന്റെ അടിത്തറയെ വെല്ലുവിളിക്കുകയാണ്. ജലദൗര്‍ലഭ്യം മുതലെടുക്കാനുള്ള ശ്രമങ്ങള്‍ രാജ്യത്തിന്റെ ഫെഡറല്‍ ഘടനയ്ക്ക് ഹാനികരമാണെന്നും കേരളത്തിന് ഇക്കാര്യങ്ങള്‍ ഓര്‍മ ഉണ്ടാകണമെന്നും കര്‍ണാടക വ്യക്തമാക്കി.