കശ്മീരില്‍ മാധ്യമപ്രവര്‍ത്തകനെ സുരക്ഷാസേന അര്‍ദ്ധരാത്രി വീട്ടില്‍ നിന്ന് പിടിച്ച്  കൊണ്ടുപോയി

കശ്മീരിലെ ഏറ്റവും പ്രചാരമുള്ള ഇംഗ്ലീഷ് ദിനപത്രമായ “ഗ്രേറ്റര്‍ കശ്മീര്‍” റിപ്പോര്‍ട്ടര്‍ ഇര്‍ഫാന്‍ അമീന്‍ മാലിക്കിനെ അര്‍ദ്ധരാത്രിയില്‍ വീട് കയറി കസ്റ്റഡിയിലെടുത്ത് സുരക്ഷാസേന.

കശ്മീരിന് സവിശേഷ അധികാരം നല്‍കുന്ന ഭരണഘടനാ അനുച്ഛേദം 370-ഉം 35 എ-യും റദ്ദാക്കിയതിന് ശേഷം നിരവധി രാഷ്ട്രീയ പ്രവര്‍ത്തകര്‍ വീട്ടുതടങ്കലിലാണെങ്കിലും മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുക്കുന്നത് ഇതാദ്യമായാണ്. ബുധനാഴ്ച രാത്രി 11.30-ഓടെ ഒരു കൂട്ടം സുരക്ഷാസൈനികര്‍ വീട്ടിലെത്തിയെന്നും അവര്‍ ഇര്‍ഫാന്‍ മാലിക്കിനെ പിടികൂടി കൊണ്ട് പോയെന്നും കുടുംബാംഗങ്ങള്‍ പറയുന്നു. ഇര്‍ഫാന്‍ മാലിക്കിനെ പിടികൂടി കൊണ്ടുപോയവര്‍ പൊലീസാണോ സൈന്യമാണോ എന്നറിയില്ലെന്നും വന്നവര്‍ കറുത്ത തൊപ്പി(ബന്ധന) ധരിച്ചിരുന്നെന്നും അദ്ദേഹത്തിന്റെ മാതാവ് ഹസീന പറയുന്നു. തന്റെ മകനെ  കൊണ്ടുപോവാനുള്ള കാരണം എന്താണെന്ന് അറിയില്ലെന്ന് ഇര്‍ഫാന്റെ മാലിക്കിന്റെ പിതാവും സര്‍ക്കാരുദ്യോഗസ്ഥനുമായ മൊഹമ്മദ് അമീന്‍ മാലിക് പറയുന്നു.

ഇര്‍ഫാന്റെ കുടുംബം അവന്തിപൊര സീനിയര്‍ എസ് പി താഹിര്‍ സലീമിനെ സന്ദര്‍ശിച്ചുവെന്നും സമീപകാലത്ത് ഇര്‍ഫാന്‍ എന്തെങ്കിലും റിപ്പോര്‍ട്ട് ചെയ്തിരുന്നുവോ എന്ന് എസ്എസ്പി അന്വേഷിച്ചുവെന്നും കുടുംബാംഗങ്ങള്‍ പറയുന്നു. കശ്മീരില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനു ശേഷം ഇര്‍ഫാന്‍ ഓഫീസിലേക്ക് പോയിട്ടില്ലെന്ന് എസ്എസ്പിയെ അറിയിച്ചുവെന്നും അവര്‍ പറയുന്നു.

Read more

പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദമുള്ള ഇര്‍ഫാന്‍ അമീന്‍ മാലിക് സര്‍വകലാശാലാതലത്തില്‍ ഗോള്‍ഡ് മെഡല്‍ ജേതാവ് കൂടിയാണ്. 2016 തൊട്ടാണ് ഇര്‍ഫാന്‍ ഗ്രേയ്റ്റര്‍ കശ്മീര്‍ പത്രത്തിന് വേണ്ടി ജോലി ചെയ്തു തുടങ്ങുന്നത്.