'കശ്മീരില്‍ വേണ്ടത് വാജ്‌പേയിയുടെ കാലത്തെ ഭരണം': മെഹ്ബൂബ മുഫ്തി

കശ്മീരില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന് അടല്‍ ബിഹാരി വാജ്‌പേയിയുടെ ഭരണകാലത്ത് സ്വീകരിച്ചിരുന്ന നടപടികളാണ് വേണ്ടതെന്ന് കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. അക്കാലത്തെ സമാധാന ചര്‍ച്ചകളെ അടിസ്ഥാനപ്പെടുത്തി ആയിരുന്നു മുഫ്തിയുടെ പരാമര്‍ശമെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

കശ്മീരില്‍നിന്ന് ഭീകരരെ തുരത്തിയതുകൊണ്ട് മാത്രം അവിടുത്ത പ്രശ്‌നങ്ങള്‍ പൂര്‍ണമായും പരിഹരിക്കപ്പെടില്ലെന്ന് സൈന്യം 200 ഭീകരരെ വധിക്കുമ്പോള്‍ പാകിസ്താന്‍ വീണ്ടും 200 ഭീകരരെ ഇന്ത്യയിലേക്ക് അയയ്ക്കുകയാണെന്ന് മെഹ്ബൂബ ചൂണ്ടിക്കാട്ടി.

സാന്ത്വന സ്പര്‍ശമാണ് കശ്മീരിന് ആവശ്യമെന്ന് അവര്‍ പറഞ്ഞു. സംസ്ഥാനത്തുനിന്ന് ഭീകരരെ തുരത്തുന്നതുകൊണ്ട് മാത്രം അവിടുത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കില്ല. സമാധാനം സ്ഥാപിക്കുന്നതിനുവേണ്ടി ആര്‍മിയും സുരക്ഷാ സേനയും പരമാവധി ശ്രമിക്കുന്നുണ്ട്. എന്നാല്‍, രാഷ്ട്രീയ നയങ്ങളിലും മാറ്റം വരേണ്ടത് അത്യാവശ്യമാണെന്ന് മുഫ്തി പറഞ്ഞു.

ഇന്ത്യ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടന്ന ഇന്ത്യ ഐഡിയാസ് കോണ്‍ക്ലേവില്‍ സംസാരിക്കവെയാണ് മുഫ്തി നിലപാട് വ്യക്തമാക്കിയത്. ഭീകരവാദത്തിന്റെയും ആക്രമണങ്ങളുടെയും മണ്ണായാണ് കശ്മീര്‍ അറിയപ്പെടുന്നത്. എന്നാല്‍, ഈ കാഴ്ചപ്പാടാണ് നമ്മള്‍ മാറ്റിയെടുക്കേണ്ടത്. ഇതിനായി രാജ്യം മുഴുവന്‍ നമുക്കൊപ്പം നില്‍ക്കുമെന്നും മെഹ്ബൂബ പറഞ്ഞു.