പഹൽഗാം ഹിൽ റിസോർട്ടിൽ കഴിഞ്ഞ ദിവസം വിനോദസഞ്ചാരികളടക്കം 26 പേരുടെ മരണത്തിനിടയാക്കിയ ക്രൂരമായ ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് ബുധനാഴ്ച കശ്മീരിലെ നിരവധി പ്രമുഖ പത്രങ്ങൾ അവരുടെ മുൻ പേജുകൾ കറുത്ത നിറത്തിൽ അച്ചടിച്ചു. വെള്ളയിലും ചുവപ്പിലും നൽകിയ ശക്തമായ തലക്കെട്ടുകൾ പത്രങ്ങളുടെ പ്രതിഷേധത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും ദുഃഖത്തിന്റെയും പൊതു പ്രകടനമായിരുന്നു. മനുഷ്യത്വരഹിതമായ പ്രവൃത്തിയിൽ കശ്മീരിലെ ജനങ്ങളും മാധ്യമങ്ങളും അനുഭവിച്ച കൂട്ടായ ദുഃഖത്തിന്റെ പ്രതീകമായിരുന്നു അത്. ഗ്രേറ്റർ കശ്മീർ, റൈസിംഗ് കശ്മീർ, കശ്മീർ ഉസ്മ, അഫ്താബ്, തൈമീൽ ഇർഷാദ് എന്നിവയുൾപ്പെടെ പ്രമുഖ ഇംഗ്ലീഷ്, ഉറുദു ദിനപത്രങ്ങൾ ഫോർമാറ്റിൽ വരുത്തിയ മാറ്റം, പതിറ്റാണ്ടുകളായി ഈ മേഖലയെ ബാധിച്ച അക്രമത്തിന്റെ വ്യക്തമായ ഓർമ്മപ്പെടുത്തലായി വർത്തിക്കുന്നു.
“Gruesome: Kashmir Gutted, Kashmiris Grieving” (ഭയാനകം: കശ്മീർ നശിച്ചു, കശ്മീരികൾ ദുഃഖിക്കുന്നു) എന്ന് പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ഗ്രേറ്റർ കശ്മീർ കറുത്ത പ്രതലത്തിൽ വെള്ള നിറത്തിൽ പ്രസിദ്ധീകരിച്ച തലക്കെട്ടിൽ പ്രസിദ്ധീകരിച്ചു. തുടർന്ന് “പഹൽഗാമിലെ മാരകമായ ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടു” എന്ന ഉപതലക്കെട്ട് ചുവപ്പിലും പ്രസിദ്ധീകരിച്ചു. “ഭൂമിയിലെ പറുദീസ” എന്ന പൈതൃകം വീണ്ടെടുക്കാൻ ശ്രമിക്കുന്ന ജമ്മു കശ്മീർ പ്രദേശത്തിന് മേൽ ഈ ആക്രമണം ഇരുണ്ട നിഴൽ വീഴ്ത്തിയതായി അവരുടെ എഡിറ്റോറിയൽ പേജ് പറയുന്നു. “The massacre in the meadow – Protect Kashmir’s soul” (പുൽമേടിലെ കൂട്ടക്കൊല – കശ്മീരിന്റെ ആത്മാവിനെ സംരക്ഷിക്കുക) എന്ന തലകെട്ടാണ് പത്രത്തിന്റെ ഒന്നാം പേജ് എഡിറ്റോറിയലിന് നൽകിയിരിക്കുന്നത്. “ഈ ഹീനമായ പ്രവൃത്തി നിരപരാധികളുടെ ജീവന് നേരെയുള്ള ഒരു ആക്രമണം മാത്രമല്ല, മറിച്ച് കശ്മീരിന്റെ സ്വത്വത്തിനും മൂല്യങ്ങൾക്കുമേറ്റ പ്രഹരമാണ്. കശ്മീരിന്റെ ആതിഥ്യമര്യാദ, സമ്പദ്‌വ്യവസ്ഥ, ദുർബലമായ സമാധാനം എന്നിവക്കും ബോധപൂർവ്വം ഏൽപ്പിച്ച ഒരു പ്രഹരമാണ് ഈ ആക്രമണം. കശ്മീരിന്റെ ആത്മാവ് ഈ ക്രൂരതയെ അസന്ദിഗ്ധമായി അപലപിക്കുകയും സൗന്ദര്യം തേടിയെങ്കിലും ദുരന്തം കണ്ടെത്തിയ ഇരകളുടെ കുടുംബങ്ങൾക്ക് ഹൃദയംഗമമായ അനുശോചനം അറിയിക്കുകയും ചെയ്യുന്നു.” ഗ്രേറ്റർ കശ്മീർ എഡിറ്റോറിയൽ പറയുന്നു.
Read more
അതേസമയം ശ്രീനഗറിലും മറ്റ് പട്ടണങ്ങളിലും, ഭീകരാക്രമണത്തോട് പ്രതിഷേധിച്ച് മെഴുകുതിരി വെളിച്ചത്തിൽ നിശബ്ദ മാർച്ചുകൾ നടത്തിയ നാട്ടുകാർ പത്രങ്ങളുടെ വികാരങ്ങൾ പ്രതിധ്വനിപ്പിച്ചു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൂടെ പ്രതിഷേധം രേഖപ്പെടുത്തുന്ന ആളുകൾ വ്യാപകമായി പങ്കിടുന്നത് ഈ പത്രങ്ങളുടെ മുൻ പേജുകളാണ്. ദുഃഖത്തിൽ പോലും കശ്മീരിന്റെ ശബ്ദം നിശബ്ദമാകില്ല എന്ന സന്ദേശമാണ് ഈ മാധ്യമങ്ങൾ പങ്കുവെക്കുന്നത്. 35 വർഷത്തിനിടെ ആദ്യമായി കശ്മീർ താഴ്‌വരയിൽ ഭീകരാക്രമണം നടന്നതിനെ തുടർന്ന് ബുധനാഴ്ച ബന്ദ് ആചരിക്കുകയാണ്. പഹൽഗാം ടൂറിസ്റ്റ് റിസോർട്ടിൽ നടന്ന കൊലപാതകങ്ങളിൽ പ്രതിഷേധിച്ച് എല്ലാ മേഖലകളിലുമുള്ള സംഘടനകളും ബന്ദിന് പിന്തുണ നൽകിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.