കശ്മീരികള്‍ക്കെതിരെ മറ്റ് സംസ്ഥാനങ്ങളില്‍ സംഘപരിവാരത്തിന്റെ വിദ്വേഷ പ്രചാരണവും ഭീഷണിയും; സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് കശ്മീര്‍ നേതാക്കള്‍

പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ താമസിക്കുന്ന കശ്മീരികള്‍ക്ക് നേര്‍ക്ക് വിദ്വേഷ സമീപനവും ഭീഷണികളുമുണ്ടാകുന്നുവെന്ന് ആക്ഷേപം. ജമ്മു കശ്മീരിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിലുള്ള കശ്മീരി വിദ്യാര്‍ത്ഥികള്‍, വ്യാപാരികള്‍, പ്രൊഫഷണലുകള്‍ എന്നിവര്‍ വര്‍ദ്ധിച്ചുവരുന്ന ഭീഷണികളും പീഡനങ്ങളും നേരിടുന്നതായാണ് റിപ്പോര്‍ട്ട്. ഹോസ്റ്റലുകളിൽ നിന്നും വാടക താമസസ്ഥലങ്ങളിൽ നിന്നും കുടിയിറക്കൽ ഭീഷണി നേരിടുന്നുമുണ്ട്. വ്യാപകമായ ഇത്തരം സംഭവങ്ങള്‍  സമൂഹത്തിൽ ആശങ്ക ഉളവാക്കുകയും ചെയ്തിട്ടുണ്ട്.  അടിയന്തരമായി ഇടപെടാനും സുരക്ഷ ഉറപ്പാക്കാനും കേന്ദ്ര സര്‍ക്കാരിനോട് ജമ്മു കശ്മീര്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. കശ്മീരി വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാന സർക്കാരുകളുമായി  ഏകോപനത്തോടെ പ്രവർത്തിക്കുന്നതായി കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും സ്ഥിരീകരിച്ചു.

പിഡിപി പ്രസിഡന്റും മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ നേരിട്ട് ബന്ധപ്പെടുകയും കശ്മീരിലുണ്ടായ കൊലപാതകങ്ങളില്‍ അനുശോചനം അറിയിക്കുകയും ഭീഷണി നേരിടുന്ന കശ്മീരികളെ സംരക്ഷിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഡെറാഡൂണിലെ കശ്മീരി മുസ്ലീങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ സ്ഥലം വിടണമെന്നും അല്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും തീവ്രവലതുപക്ഷ സംഘടനയായ ഹിന്ദു രക്ഷാ ദള്‍ മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് മുഫ്തിയുടെ ആശങ്കകള്‍. ഇന്ത്യയിലുടനീളം കശ്മീരികളെ ലക്ഷ്യം വച്ചുള്ള വിദ്വേഷ സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായി പീപ്പിള്‍സ് കോണ്‍ഫറന്‍സ് പ്രസിഡന്റ് സജാദ് ലോണും ആരോപിക്കുന്നു.

‘രാജ്യത്തുടനീളം കശ്മീരി വിദ്യാര്‍ത്ഥികളെ ഉപദ്രവിക്കുകയും, മര്‍ദിക്കുകയും, ഭീഷണിപ്പെടുത്തുകയും, അവരുടെ താമസസ്ഥലം ഒഴിയാന്‍ ആവശ്യപ്പെടുകയും ചെയ്യുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്,’

കശ്മീരികളോടെ താമസ സ്ഥലം ഒഴിയാന്‍ നിര്‍ബന്ധിക്കുകയും ഭീഷണിപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ പലയിടത്തും നടക്കുന്നുവെന്നാണ് കശ്മീരിലെ നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നത്. കശ്മീരി വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നുവെന്ന് ജമ്മു കശ്മീരിലെ നേതാക്കള്‍ ആവശ്യപ്പെടുന്നു. പഹല്‍ഗാം ഭീകരാക്രമണത്തില്‍ ദുഃഖിതരായ കുടുംബങ്ങളോട് എന്റെ അഗാധമായ അനുശോചനം അറിയിക്കാനും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും ആഭ്യന്തര മന്ത്രിയുമായി സംസാരിച്ചുവെന്ന് മെഹബൂബ മുഫ്തി എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.

Read more

”വിവിധ സംസ്ഥാനങ്ങളിലുടനീളമുള്ള കശ്മീരി വിദ്യാര്‍ത്ഥികളെയും വ്യാപാരികളെയും ചില പ്രത്യേക ഘടകങ്ങള്‍ പരസ്യമായി ഭീഷണിപ്പെടുത്തുന്ന സാഹചര്യത്തില്‍ അദ്ദേഹത്തോട് ഇടപെടാനും അഭ്യര്‍ത്ഥിച്ചു.”

രാജ്യവ്യാപകമായി കശ്മീരി വിദ്യാർത്ഥികൾ സുരക്ഷയെക്കുറിച്ച് ഭയക്കുന്ന തരത്തിലുള്ള ഇടപെടലുകള്‍ വ്യക്തമാക്കുന്ന
നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഉണ്ട്. പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ
 ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികളോട് അവരുടെ 
അപ്പാർട്ടുമെന്റുകളും യൂണിവേഴ്സിറ്റി ഹോസ്റ്റലുകളും ഒഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജമ്മു ആൻഡ് കശ്മീർ സ്റ്റുഡന്റ്സ് 
അസോസിയേഷൻ (ജെകെഎസ്എ) ആരോപിച്ചു.