ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നടന്ന ആക്രമണത്തെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. സ്‌കൂളുകളിലും കോളജുകളിലും സംഘര്‍ഷങ്ങളും ഗുണ്ടായിസവും ഉണ്ടായാല്‍ രാജ്യം ഒരിക്കലും പുരോഗതി കൈവരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. രാമനവമി ദിനത്തില്‍ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം വിളമ്പിയെന്നാരോപിച്ച് ജെഎന്‍യു കാവേരി ഹോസ്റ്റലില്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തിലാണ് പ്രതികരണം.
‘വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലും കോളജിലും വരുന്നത് പഠിക്കാനായിട്ടാണ്. അവിടെ പഠനം മാത്രമേ നടക്കാവൂ. പഠനം നടന്നാല്‍ മാത്രമേ രാഷ്ട്രം പുരോഗതി പ്രാപിക്കൂ.’ കെജ്‌രിവാള്‍ പറഞ്ഞു. ഏറ്റുമുട്ടലുകളും ഗുണ്ടായിസവും ഉണ്ടായാല്‍ രാജ്യം പുരോഗതി കൈവരിക്കില്ല.
ക്യാമ്പസില്‍ ആരെങ്കിലും ഏതെങ്കിലും തരത്തിലുള്ള അക്രമത്തില്‍ ഏര്‍പ്പെടുന്നതായി കണ്ടെത്തിയാല്‍ അച്ചടക്ക നടപടിയുണ്ടാകുമെന്ന് ജെഎന്‍യു അഡ്മിനിസ്‌ട്രേഷന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഏപ്രില്‍ 10 രാമ നവമി ദിനത്തില്‍ മാംസാഹാരം കഴിക്കരുത് എന്ന ആവശ്യവുമായി എബിവിപി പ്രവര്‍ത്തകര്‍ ഇടത് സംഘടനയിലെ വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍വെച്ച് മര്‍ദ്ദിച്ചിരുന്നു ഇതേ തുടര്‍ന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ നല്‍കിയ പരാതിയില്‍ എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തിരുന്നു. അക്രമത്തില്‍ 20ഓളം വിദ്യാര്‍ത്ഥികള്ക്കാണ് പരിക്കേറ്റത്.
സംഭവത്തില്‍ എബിവിപിയും പരാതി നല്‍കിയിരുന്നു. ഹോസ്റ്റലില്‍ ഒരു പൂജ സംഘടിപ്പിക്കുന്നത് തടയാന്‍ ഇടതു സംഘടനാ വിദ്യാര്‍ത്ഥികള്‍ ശ്രമിച്ചു. ഇതേ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത് എന്നായിരുന്നു എബിവിപി പ്രവര്‍ത്തകരുടെ പ്രതികരണം.