ഡൽഹിയിൽ സൗജന്യ വൈദ്യുതി, 24 മണിക്കൂറും കുടിവെള്ളം ലഭ്യമാകുന്ന ടാപ്പുകൾ, വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് യാത്ര എന്നിവ വാഗ്ദാനം ചെയ്ത് അരവിന്ദ് കെജ്‌രിവാൾ. വരാനിരിക്കുന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് ആം ആദ്മി പാർട്ടി വോട്ടർമാർക്ക് ഈ വാഗ്ദാനങ്ങൾ നൽകിയിരിക്കുന്നത്. പ്രധാനമായും 10 പോയിന്റ് അടങ്ങിയ വാഗ്ദാനങ്ങൾ ആണ് പുറത്തിറക്കിയത്. ഓരോ കുട്ടിക്കും ലോകോത്തര വിദ്യാഭ്യാസം. അതോടൊപ്പം, ശുദ്ധമായ അന്തരീക്ഷം അതോടൊപ്പം ശുദ്ധമായ യമുന നദി, എല്ലാ ചേരി നിവാസികൾക്കും പാർപ്പിടം എന്നിവ വാഗ്ദാനങ്ങളാണ്.
“ഇത് ഞങ്ങളുടെ പ്രകടന പത്രികയല്ല. ഇത് അതിന് രണ്ട് പടി മുന്നിലാണ്. ഇവയാണ് ഡൽഹിയിലെ ജനതയെ ബാധിക്കുന്ന പ്രശനങ്ങൾ. പ്രകടന പത്രിക ഉടൻ പുറത്തിറക്കും . അതിൽ കൂടുതൽ വിശദാംശങ്ങളുണ്ടാകും,” അരവിന്ദ് കെജ്‌രിവാൾ ഇന്ന് ഉച്ചയ്ക്ക് പത്രസമ്മേളനത്തിൽ വോട്ടർമാരോട് പറഞ്ഞു.
200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതിയും 20,000 ലിറ്റർ വരെ സൗജന്യ വെള്ളവും ആം ആദ്മി പാർട്ടിക്ക് വിശാലമായ പിന്തുണ നൽകിയ രണ്ട് പ്രശ്നങ്ങളാണെന്ന് പാർട്ടി വിശ്വസിക്കുന്നു. 2015 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ 70 സീറ്റുകളിൽ 67 എണ്ണവും കെജ്‌രിവാളിന്റെ ആം ആദ്മി പാർട്ടി നേടിയിരുന്നു. ഇത്തവണ 70 സീറ്റുകളും നേടാനാണ് അദ്ദേഹത്തിന്റെ പാർട്ടി ലക്ഷ്യമിടുന്നത്.