സ്വാതി മലിവാൾ എംപിക്കെതിരെ പരാതി നൽകി അരവിന്ദ് കെജ്‌രിവാളിന്റെ പിഎ ബിഭവ് കുമാർ. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഒരു മണിക്കൂർ സ്വാതി മലിവാൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്ന് ബിഭവ് കുമാർ ആരോപിച്ചു. കൂടിക്കാഴ്ചയ്ക്ക് അനുമതി ഇല്ലായിരുന്നു. എന്നാൽ മുഖ്യമന്ത്രി താമസിക്കുന്ന പ്രധാന കെട്ടിടത്തിന് പുറത്തുള്ള സ്വീകരണ മുറിയിലേക്ക് സ്വാതി ആദ്യം അതിക്രമിച്ച് കയറി. സുരക്ഷ ജീവനക്കാരോട് കയർത്തു. അകത്തേക്ക് കയറുന്നത് തടഞ്ഞ ഇവരെ തള്ളിമാറ്റി പ്രധാന കെട്ടിടത്തിലേക്ക് കയറിയെന്നും ബിഭവ് കുമാർ പറയുന്നു.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ വസതിയില്‍ വെച്ച് പിഎ ബിഭവ് കുമാർ തന്നെ കയ്യേറ്റം ചെയ്തെന്ന സ്വാതി മലിവാളിന്റെ പരാതിയിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയുമായാണ് സ്വാതിക്കെതിരെ ബിഭവ് പരാതി നൽകിയിരിക്കുന്നത്. സ്വാതിയുടെ പരാതി വ്യാജമാണെന്നാണ് ബിഭവ് പരാതിയിൽ പറയുന്നത്. ബിഭവിനെതിരായ ആരോപണത്തില്‍ പൊലീസ് നടപടി കടുപ്പിച്ച സാഹചര്യത്തിലാണ് എതിര്‍ നീക്കങ്ങള്‍.
ബിഭവ് കുമാർ തന്‍റെ തലമുടി ചുരുട്ടിപിടിച്ച് ഇടിച്ചെന്നും മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്‍റെ വസതിയിലെ മുറിയിലൂടെ വലിച്ചിഴച്ചെന്നുമായിരുന്നു സ്വാതി മലിവാള്‍ എംപിയുടെ പരാതി. ഇക്കാര്യം എംപി പൊലീസിന് മൊഴിയും നൽകിയിട്ടുണ്ട്. സ്വാതിയെ കെജ്‌രിവാളിന്‍റെ വസതിയിലെത്തിച്ച് പൊലീസ് കഴിഞ്ഞ ദിവസം തെളിവെടുത്തിരുന്നു.
അതേസമയം ആം ആദ്മി പാർട്ടി ബിഭവിന്‍റെ ഭീഷണിയിലാണെന്ന് സ്വാതി ആരോപിച്ചു. ബിഭവ് അറസ്റ്റിലായാൽ കെജ്‌രിവാളിന്‍റെ എല്ലാ വിവരങ്ങളും പുറത്ത് വിടുമെന്ന് ഭീഷണിയുണ്ടെന്നും സ്വാതി പറയുന്നു. രാജ്യസഭാ എംപി സ്വാതി മലിവാളിനെ ആം ആദ്മി പാർട്ടിയും തള്ളി. സ്വാതിയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും ബിജെപി ഗൂഢാലോചനയുടെ ഭാഗവുമാണെന്നു ഡല്‍ഹി മന്ത്രിയും എഎപി നേതാവുമായ അതിഷി ആരോപിച്ചു.
‘അരവിന്ദ് കെജ്‌രിവാളിനു ജാമ്യം ലഭിച്ചതു മുതല്‍ ബിജെപി അസ്വസ്ഥരാണ്. തല്‍ഫലമായി, ബിജെപി ഗൂഢാലോചന നടത്തി സ്വാതി മലിവാളിനെ മേയ് 13 നു രാവിലെ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് അയയ്ക്കുകയായിരുന്നു. ഈ ഗൂഢാലോചനയുടെ മുഖവും കരുവുമാണ് സ്വാതി’ അതിഷി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സ്വാതി മലിവാള്‍ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. താന്‍ ക്രൂരമായി ആക്രമിക്കപ്പെട്ടുവെന്നാണ് സ്വാതിയുടെ പരാതി. എന്നാല്‍ ഇന്ന് പുറത്തുവന്ന വീഡിയോ തികച്ചും വ്യത്യസ്തമായ യാഥാര്‍ത്ഥ്യമാണ് കാണിക്കുന്നതെന്ന് അതിഷി പറഞ്ഞു. മുന്‍കൂട്ടി അനുമതി തേടാതെയാണ് സ്വാതി മുഖ്യമന്ത്രിയുടെ വസതിയിലെത്തിയിലെത്തിയത്. അരവിന്ദ് കെജ്‌രിവാളിനെതിരെ ആരോപണം ഉന്നയിക്കുക എന്നതായിരുന്നു സ്വാതിയുടെ ഉദ്ദേശ്യം. സ്വാതി എത്തിയപ്പോൾ മുഖ്യമന്ത്രി വസതിയിലുണ്ടായിരുന്നില്ല. സ്വീകരണമുറിയില്‍ പ്രവേശിച്ച സ്വാതിയെ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സെക്രട്ടറി വൈഭവ് കുമാര്‍ തടഞ്ഞപ്പോള്‍ അവര്‍ തര്‍ക്കിക്കാന്‍ തുടങ്ങിയെന്നും അതിഷി പറഞ്ഞു.
‘മുഖ്യമന്ത്രിയുടെ വസതിയിലെ സ്വീകരണ മുറിയില്‍ സ്വാതി സുഖമായി ഇരിക്കുന്നതും പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതുമായ വീഡിയോയാണ് ഇന്നു പുറത്തുവന്നത്. ബൈഭവ് കുമാറിനെ ഭീഷണിപ്പെടുത്തുന്നതും വീഡിയോയില്‍ കാണാം. സ്വാതിയുടെ വസ്ത്രങ്ങള്‍ കീറിയതോ തലയ്ക്ക് മുറിവുണ്ടായതോ വീഡിയോയില്‍ ദൃശ്യമായില്ല’ അതിഷി കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിക്കുമേല്‍ പഴി ചുമത്താനായിരുന്നു സ്വാതിയുടെ ഉദ്ദേശ്യം. എന്നാൽ അദ്ദേഹം അവിടെയുണ്ടായിരുന്നില്ലെന്നതിനാൽ അത് നടന്നില്ല. തുടര്‍ന്നാണ് സ്വാതി ബൈഭവ് കുമാറിനെതിരെ ആരോപണം ഉന്നയിച്ചതെന്നും അതിഷി പറഞ്ഞു.