Connect with us

NATIONAL

അഞ്ചാദിനവും വസ്ത്രംപോലും മാറാതെ കെജ്‌രിവാളിന്റെ കുത്തിയിരിപ്പ് സമരം; തിരിഞ്ഞുനോക്കാതെ ലഫ്. ഗവര്‍ണര്‍

, 11:39 pm

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും മന്ത്രിമാരും നടത്തുന്ന രാജ്‌നിവാസ് ധര്‍ണ നാലു ദിവസം പിന്നിട്ടിട്ടും തിരിഞ്ഞ് നോക്കാതെ ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജാല്‍. മുഖ്യമന്ത്രിയും മന്ത്രിമാരും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും കൂടിക്കാഴ്ച നടത്താന്‍ പോലും ലഫ്. ഗവര്‍ണര്‍ തയാറായിട്ടില്ല. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സമരം അവസാനിപ്പിക്കുന്നതിനും ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേജരിവാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തു നല്‍കി.

സംസ്ഥാന ഭരണത്തെ കടുത്ത പ്രതിസന്ധിയിലാക്കി ഐ.എ.എസ് ഉദ്യോഗസ്ഥര്‍ നടത്തുന്ന നിസ്സഹകരണം അവസാനിപ്പിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കെജ്‌രിവാള്‍ കത്തെഴുതി. കെജ്‌രിവാളിനൊപ്പമുള്ള ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും മന്ത്രി സത്യേന്ദ്ര ജെയിനും അനിശ്ചിതകാല നിരാഹാരത്തിലാണ്.

നിരാഹാര സമരത്തിലുള്ള മന്ത്രി സത്യേന്ദ്ര ജെയിന്റെ ഷുഗര്‍ നില അപകട നിലയിലാണെന്നും ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ഡല്‍ഹി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രം ഇടപെടുന്നതിനെതിരേയും മുഖ്യമന്ത്രിയും മന്ത്രിമാരും ധര്‍ണ നടത്തിയിട്ടും പരിഹരിക്കാന്‍ ശ്രമിക്കാത്ത കേന്ദ്ര നടപടിക്കുമെതിരേ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും നടന്‍ കമല്‍ഹാസനും രംഗത്തെത്തിയിട്ടുണ്ട്.

ഉടുത്തിരിക്കുന്ന വസ്ത്രംപോലും മാറാതെയാണ് തിങ്കളാഴ്ച വൈകുന്നേരം തുടങ്ങിയ കുത്തിയിരിപ്പ്. കെജ്‌രിവാളിനും മന്ത്രി ഗോപാല്‍ റായിക്കുമുള്ള ഭക്ഷണം പുറത്തുനിന്ന് എത്തിച്ചുനല്‍കി. ഗവര്‍ണറുടെ വസതിയോട് ചേര്‍ന്നുള്ള ചെറിയ ശുചിമുറിയാണ് പ്രാഥമിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. വ്യാഴാഴ്ച രാവിലെ മുഖ്യമന്ത്രി ഒപ്പിടേണ്ട അത്യാവശ്യ ഫയലുകള്‍ കുത്തിയിരിപ്പ് സമരം നടക്കുന്നിടത്തേക്ക് എത്തിച്ചു.