രാഹുൽ ഗാന്ധിയുടെ കോൺഗ്രസിലെ സാന്നിധ്യം “ബിജെപിയെ സഹായിക്കുന്നു” എന്ന തന്റെ പ്രസ്താവന “മോദി, ഹിന്ദുത്വ, ഇന്ത്യ” എന്ന വിശാലമായ പശ്ചാത്തലത്തിലാണ് പറഞ്ഞതെന്ന് പ്രശസ്ത ചരിത്രകാരൻ രാമചന്ദ്ര ഗുഹ. എട്ട് ട്വീറ്റുകളുടെ ഒരു പാരമ്പരയിലൂടെയാണ് രാമചന്ദ്ര ഗുഹ വിശദീകരണം നൽകിയത്. ഇതിൽ വയനാട്ടിൽ നിന്ന് രാഹുൽ ഗാന്ധിയെ എം.പിയായി തിരഞ്ഞെടുത്തതിന് മലയാളികളെ വിമർശിച്ചത് രക്ഷാധികാര സ്വഭാവമായി പോയെന്ന് സമ്മതിക്കുന്നുണ്ട് രാമചന്ദ്ര ഗുഹ.
വെള്ളിയാഴ്ച നടന്ന കേരള സാഹിത്യോത്സവത്തിൽ(കെ.എൽ.എഫ്) നരേന്ദ്ര മോദി കഠിനാധ്വാനിയും സ്വപ്രയത്നത്താൽ വളർന്ന വ്യക്തിയാണെന്നും കുടുംബാധിപത്യത്തിന്‍റെ പേരിലാണ് രാഹുല്‍ ഗാന്ധി രാഷ്ട്രീയത്തിലെത്തിയതെന്നും രാമചന്ദ്ര ഗുഹ അഭിപ്രായപെട്ടിരുന്നു. രാഹുൽ ഗാന്ധിയെ തിരഞ്ഞെടുക്കുക വഴി കേരളം ചെയ്തത് വിനാശകരമായ കാര്യമാണെന്നും രാമചന്ദ്ര ഗുഹ പറഞ്ഞു. ഇതിനെ വലതുപക്ഷ അനുയായികൾ ആവേശത്തോടെയാണ് വരവേറ്റത്, ഇത് തന്റെ പരാമർശങ്ങൾ കൂടുതൽ വിശദീകരിക്കാൻ രാമചന്ദ്ര ഗുഹയെ പ്രേരിപ്പിച്ചു. രാമചന്ദ്ര ഗുഹയുടെ പരാമർശത്തെ കോൺഗ്രസ് എം.പി ശശി തരൂർ വിമർശിച്ചിരുന്നു “കർഫഫൽ” (kerfuffle ബഹളം-ആശയ സംഘര്‍ഷം കാരണം പുലമ്പുന്നയാള്‍) എന്നാണ് ശശി തരൂര്‍ രാമചന്ദ്ര ഗുഹയുടെ പരാമര്‍ശത്തെ വിശേഷിപ്പിച്ചത്.
ഹിന്ദുത്വ രാഷ്ട്രീയത്തെ എല്ലാക്കാലത്തും വിമര്ശിച്ചിട്ടുണ്ടെന്നും ഇനിയും അത് തുടരുമെന്നും രാമചന്ദ്ര ഗുഹ വ്യക്തമാക്കി. തന്‍റെ പുസ്തകങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്‍റെ നയങ്ങളെയും വിമര്‍ശിച്ചിട്ടുണ്ട്. വിശാലമായ അര്‍ത്ഥത്തിലാണ് രാഹുൽ ഗാന്ധിയെ വിമര്‍ശിച്ചത്. പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിന് സമാനമായ ഒന്നിൽ രാഹുല്‍ ഗാന്ധിയെക്കാള്‍ പിന്തുണ മോദിക്കായിരിക്കും എന്നാണ് ഉദ്ദേശിച്ചത്. ഇതിന് കാരണം മോദിക്കാണ് ഭരണ നിർവഹണത്തിൽ പരിചയം എന്നതാണ്, ഗുഹ വ്യക്തമാക്കി.