അവധി ലഭിക്കാനായി ഹോസ്റ്റലിലെ കുടിവെള്ളത്തില്‍ എലിവിഷം കലര്‍ത്തിയ ഒന്‍പതാം ക്ലാസുകാരന്‍ അറസ്റ്റില്‍. വിഷം കലര്‍ന്ന വെള്ളം കുടിച്ച മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കര്‍ണാടകയിലെ കോലാര്‍ കെജിഎഫിലെ മൊറാര്‍ജി ദേശായി റസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് സംഭവം നടന്നത്.
അറസ്റ്റിലായ പതിനാലുകാരനെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്‍പാകെ ഹാജരാക്കി. വിദ്യാര്‍ത്ഥിയെ റിമാന്‍ഡ് ചെയ്ത് സര്‍ക്കാരിന്റെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. തിങ്കളാഴ്ച ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മൂന്ന് വിദ്യാര്‍ത്ഥികളെയും കോലാര്‍ ആര്‍എല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിദ്യാര്‍ത്ഥികള്‍ വിഷം കലര്‍ന്ന വെള്ളം കുടിച്ചതായി ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഹോസ്റ്റലിലെ കുടിവെള്ളത്തില്‍ ഒന്‍പതാംക്ലാസുകാരന്‍ വിഷം കലര്‍ത്തിയത് കണ്ടെത്തിയത്. ചികിത്സയില്‍ തുടരുന്ന വിദ്യാര്‍ത്ഥികളുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Read more
കുടിവെള്ളത്തില്‍ വിഷം കലര്‍ത്തിയ വിദ്യാര്‍ത്ഥിയെ നാല് മാസം മുന്‍പ് മാതാപിതാക്കള്‍ നിര്‍ബന്ധിച്ച് കെജിഎഫിലെ മൊറാര്‍ജി ദേശായി റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ചേര്‍ക്കുകയായിരുന്നു. തിങ്കളാഴ്ച അവധി കഴിഞ്ഞ് വീട്ടില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥി ഹോസ്റ്റലിന് അവധി ലഭിച്ചാല്‍ തിരികെ പോകാമെന്ന് ചിന്തിച്ചു. ഇതേ തുടര്‍ന്നാണ് വീട്ടില്‍ നിന്ന് എലി വിഷവുമായി വിദ്യാര്‍ത്ഥിയെത്തിയത്.