പഞ്ചാബിലെ ആംആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഭാഗവന്ത് സിംഗ് മാന്റെ വസതിയില്‍ വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ വിജയാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. വീട് മുഴുവന്‍ പൂക്കള്‍ കൊണ്ട് അലങ്കരിച്ചു. സന്തോഷം പ്രകടിപ്പിക്കുന്നതിനും വിതരണം ചെയ്യുന്നതിനും വേണ്ടി ജിലേബിയടക്കമുള്ള മധുര പലഹാരങ്ങള്‍ തയ്യാറാക്കാന്‍ ആരംഭിക്കുകയും ചെയിതിട്ടുണ്ട്.
പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടി വീജയം കൈവരിക്കുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് ആത്മവിശ്വാസത്തിലാണ് ഒരുക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. മുഖ്യമന്ത്രി എന്ന് പറഞ്ഞാല്‍ ഒരു സാധാരണക്കാരന്‍ തന്നെയാണ് എന്ന് കഴിഞ്ഞ ദിവസം ഭാഗവന്ത് സിംഗ് മാന്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രശസ്തി എപ്പോഴും തന്റെ ജീവിതത്തിന്റെ ഭാഗമാണ്. മുഖ്യമന്ത്രി ആയാലും അതിന്റെ തലക്കനമൊന്നും തനിക്ക് ഉണ്ടാവില്ലെന്നും ഭാഗവന്ത് പറഞ്ഞു.
പഞ്ചാബിനെ വീണ്ടും പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരികയെന്നതാണ് തന്റെ ലക്ഷ്യം. പഴയ പഞ്ചാബിനെ തിരികെ ലഭിക്കാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്.
അതിനെ പാരീസോ ലണ്ടനോ കാലിഫോര്‍ണിയയോ ആക്കേണ്ടതില്ല. അത് മറ്റ് പാര്‍ട്ടികളുടെ സ്വപ്നങ്ങളാണ്. എന്നാല്‍ അവര്‍ തോല്‍ക്കുമെന്നും ഭാഗവന്ത് പറയുന്നു.
പഞ്ചാബില്‍ 76-90 സീറ്റുകള്‍ നേടി ആംആദ്മി പാര്‍ട്ടി അധികാരത്തില്‍ എത്തുമെന്നാണ് ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ പ്രവചിച്ചത്. നേരത്തെ പഞ്ചാബിലെ 117 സീറ്റില്‍ 77 സീറ്റുകളില്‍ വിജയിച്ചാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. ആംആദ്മി 20 സീറ്റുകളിലും അകാലി ദള്‍ 15 സീറ്റുകളിലും ബിജെപി മൂന്ന് സീറ്റുകളിലുമാണ് വിജയം നേടിയത്.