ഝാര്‍ഖണ്ഡിലെ ചുംബനമത്സരത്തില്‍ ബിജെപിക്ക് 'കുരുപൊട്ടി'; സംഘാടകരായ എംഎല്‍എമാരെ പുറത്താക്കണമെന്ന് ബിജെപി വൈസ് പ്രസിഡന്റ്‌

ഝാര്‍ഖണ്ഡിലെ പാക്കൂര്‍ ജില്ലയിലെ ആദിവാസി കോളനിയില്‍ ദമ്പതികള്‍ക്കായി ചുംബനമത്സരം സംഘടിപ്പിച്ച എംഎല്‍എമാരെ നിയമസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി.

ആദിവാസി സമൂഹങ്ങളില്‍ വിവാഹമോചനങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഝാര്‍ഖണ്ഡ് എംഎല്‍എയും മുക്തിമോര്‍ച്ചാനേതാവുമായ സൈമണ്‍ മറാന്‍ഡി ദമ്പതികള്‍ക്കായി ചൂംബന മത്സരം നടത്തിയത്. പതിനെട്ടോളം ദമ്പതികളാണ്  നടത്തിയ മത്സരത്തില്‍ പങ്കെടുത്തത്. മുക്തിമോര്‍ച്ചയുടെ മറ്റൊരു എംഎല്‍എയായ സ്റ്റീഫന്‍ മറാന്‍ഡിയും പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഇവര്‍ക്കതെിരെ നടപടിയെടുക്കണമെന്നാണ് ബിജെപി ആവശ്യപ്പെട്ടിരിക്കുന്നത്.

ചുംബനമത്സരം നടത്തിയതിലൂടെ എംഎല്‍എമാരായ സൈമണ്‍ മറാന്‍ഡിയും സ്റ്റീഫന്‍ മറാന്‍ഡിയും സാന്തല്‍ പര്‍ഗാന സമുദായത്തെ അപമാനിച്ചുവെന്ന് ബിജെപി ഝാര്‍ഖണ്ഡ് വൈസ് പ്രസിഡന്റ് ഹേംലാല്‍ മുര്‍മു ആരോപിച്ചു. ഇവരുടെ സസ്‌പെന്‍ഷന്‍ ആവശ്യപ്പെടുമെന്നും ശൈത്യകാല സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കുകയില്ലെന്നും മുര്‍മു പറഞ്ഞു.

സാന്തല്‍ പര്‍ഗാന സമുദായത്തിന്റെ സംസ്‌കാരത്തിനു ചേര്‍ന്നതല്ല ഈ മത്സരമെന്നും സ്ത്രീകളെ അപമാനിക്കാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ ഒരു മത്സരം സംഘടിപ്പിച്ചതെന്നും മര്‍മു കൂട്ടിച്ചേര്‍ത്തു. രണ്ട് എംഎല്‍എമാരും ഗ്രാമത്തില്‍ ചെന്ന് മാപ്പുപറയണമെന്നും ബിജെപി നേതാവ് ആവശ്യപ്പെട്ടു.

ചുംബനമത്സരത്തിന്റെ ദൃശ്യങ്ങള്‍ യൂട്യൂബില്‍ വൈറലായിരുന്നു. ആയിരത്തോളം വരുന്ന കാണികള്‍ക്കുമുമ്പിലാണ് ദമ്പതികള്‍ ചുംബിച്ചത്. എന്നാല്‍ വര്‍ധിച്ചുവരുന്ന വിവാഹമോചനങ്ങള്‍ക്കെതിരെ അവബോധം സൃഷ്ടിക്കാനാണ് ചുംബന മത്സരം സംഘടിപ്പിച്ചതെന്ന് സൈമണ്‍ അഭിപ്രായപ്പെട്ടു. ദമ്പതികള്‍ക്കിടിയിലുണ്ടാകുന്ന അകല്‍ച്ച കുറയ്ക്കാന്‍ ഇത്തരം മത്സരങ്ങള്‍ക്കു കഴിയുമെന്നാണ് എംഎല്‍എയുടെ വാദം.