കൊൽക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗ കൊലപാതകം: ഒന്നിലധികം പേർക്ക് പങ്കുണ്ടെന്ന നിഗമനത്തിൽ സിബിഐ; അനിശ്ചിതകാല സമരം നടത്തുമെന്ന് ഐഎംഎ, രാജ്യവ്യാപക പ്രതിഷേധം

കൊൽക്കത്തയിലെ ആർ ജി കർ ആശുപത്രിയിലെ ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുമ്പോൾ കേസിൽ വഴിത്തിരിവ്. ഡോക്ടറുടെ കൊലയുമായി ബന്ധപ്പെട്ട് ഒന്നിലധികം പേർക്ക് പങ്കുണ്ടെന്ന നിഗമനത്തിലാണ് സിബിഐ. ആശുപത്രിയിലെ ജൂനിയർ ഡോക്ടർമാരെയും, അഞ്ച് ഉദ്യോഗസ്ഥരെയും സിബിഐ ചോദ്യം ചെയ്തു.

അതിനിടെ ഡോക്ടറുടെ കൊലപാതകത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാവുകയാണ്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരം നടത്തുമെന്ന് ഐഎംഎ അടക്കമുള്ള ഡോക്ടർമാരുടെ സംഘടനകൾ മുന്നറിയിപ്പ് നൽകി. ആശുപത്രികൾ സേഫ് സോണുകൾ ആയി പ്രഖ്യാപിക്കണം, ആശുപത്രി ജീവനക്കാർക്കെതിരായ അക്രമങ്ങൾ തടയാൻ കേന്ദ്ര നിയമം വേണം, ആശുപത്രിയിൽ സുരക്ഷിതത്വം ഉറപ്പ് വരുത്തണം, കൊല്ലപ്പെട്ട പെൺകുട്ടിക്ക് നീതി വേണം എന്നിവയാണ് സമരക്കാരുടെ ആവശ്യങ്ങൾ.

അതേസമയം ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേദിച്ച് കേരളത്തിലും സമരം നടക്കുന്നുണ്ട്. സംസ്ഥാനത്തെ പിജി ഡോക്ടര്‍മാരും ഹൗസ് സര്‍ജന്മാരും ഒ പി പൂര്‍ണമായി ബഹിഷ്‌കരിച്ചും വാര്‍ഡ് ഡ്യൂട്ടി എടുക്കാതെയും ഇന്ന് പണിമുടക്കും. യുവ ഡോക്ടറുടെ കൊലപാതകത്തിന് കാരണക്കാരായ ഹോസ്പിറ്റലിലെ സീനിയര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുക. 48 മണിക്കൂറിനുള്ളില്‍ പ്രതികളെ കണ്ടെത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് സമരം.

Read more