ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് പാകിസ്താന്‍ വധശിക്ഷയ്ക്ക് വിധിച്ച മുന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവുമായി അമ്മയും ഭാര്യയും കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്ക് ശേഷം തങ്ങള്‍ വാക്ക് പാലിച്ചെന്ന് പാക് വിദേശകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തു.
പാക് കസ്റ്റഡിയിലായതിന് ശേഷം ആദ്യമായാണ് കുടുംബത്തെ കാണാന്‍ ജാദവിന് അനുവാദം ലഭിച്ചത്. ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈകമ്മീഷണര്‍ ജെപി സിങും കുടുംബത്തോടൊപ്പമുണ്ടായിരുന്നു. കുടിക്കാഴ്ച ഇസ്ലാമാബാദിലെ വിദേശകാര്യ മന്ത്രാലയത്തില്‍ ഉച്ചയോടെയായിരുന്നു. കൂടിക്കാഴ്ച 30 മിനിറ്റോളം നീണ്ടുനിന്നു.
നയതന്ത്രതലത്തിലുള്ള ഇടപെടലിന്റെ ഫലമായ കൂടിക്കാഴ്ചയല്ലെന്നും മാനുഷിക പരിഗണന മാത്രമാണിതെന്നും പാക് വൃത്തങ്ങള്‍ അറിയിച്ചു.പാകിസ്താന്‍ രാഷ്ട്രപിതാവായ മുഹമ്മദ് അലി ജിന്നയുടെ ജന്മദിനവുമായി ബന്ധപ്പെട്ട് നല്‍കിയ ഇളവ് മാത്രമാണ് കൂടിക്കാഴ്ചയ്ക്കുള്ള അനുവാദം എന്നും വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് കുല്‍ഭൂഷണ്‍ ജാദവ് പാക് കസ്റ്റഡിയിലാകുന്നത്. ഇന്ത്യയുടെ ചാരസംഘടനയായ റോയുടെ ഉദ്യോഗസ്ഥനാണ് ജാദവ് എന്നാണ് പാക് ആരോപണം. ജാദവിന് സൈനിക കോടതി വധശിക്ഷ വിധിച്ചു. എന്നാല്‍ അന്താരാഷ്ട്ര നീതിന്യായ കോടതി ഇത് സ്റ്റേ ചെയ്തു.