കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിൽ ഉത്തരാഖണ്ഡ് സർക്കാർ പരാജയപ്പെട്ടതിൽ ഉത്തരാഖണ്ഡ് ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. കുംഭമേള, ചാർ ധാം യാത്ര തുടങ്ങിയ മതപരമായ പരിപാടികൾ കോവിഡ് -19 പകർച്ചവ്യധിക്കിടെ നടത്തിയതുമായി ബന്ധപ്പെട്ടാണ് കോടതി അതൃപ്തി പ്രകടിപ്പിച്ചത്.
ഈ മതസമ്മേളനങ്ങളിൽ സാമൂഹിക അകലം പാലിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ നഗ്നമായി ലംഘിക്കപ്പെട്ടുവെന്നും ഇത് സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കി എന്നും ചീഫ് ജസ്റ്റിസ് ആർ.എസ് ചൗഹാൻ, ജസ്റ്റിസ് അലോക് വർമ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
“ആദ്യം നമ്മൾ കുംഭമേള എന്ന തെറ്റ് ചെയ്തു, പിന്നെ ചാർ ധാം നടത്തി. എന്തുകൊണ്ടാണ് നമ്മൾ സ്വയം ആവർത്തിച്ച് നാണക്കേട് ഉണ്ടാക്കുന്നത്?” ചീഫ് ജസ്റ്റിസ് ചോദിച്ചു.
സാമൂഹിക അകലം പാലിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ലംഘിച്ച് ധാരാളം സന്ന്യാസിമാർ തീർത്ഥാടന കേന്ദ്രങ്ങളായ ബദരീനാഥ്, കേദാർനാഥ് എന്നിവിടങ്ങളിൽ സഞ്ചരിക്കുന്നതായി കാണിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് കോടതിയുടെ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് പരാമർശം.
“ആരാണ് ഇതിനെല്ലാം മേൽനോട്ടം വഹിക്കുന്നത്, അതോ ഇതെല്ലാം സന്ന്യാസിമാർക്ക് വിട്ടുകൊടുത്തിരിക്കുകയാണോ? സന്ന്യാസിമാർക്കിടയിൽ കൊറോണ വൈറസ് പടരില്ലേ? വിഗ്രഹത്തെ ആരാധിക്കുമ്പോൾ പോലും, ചെറിയ മുറി ആയതിനാൽ ഇരുപതോളം സന്ന്യസിമാരെ പ്രവേശിപ്പിക്കാനാവില്ല” കോടതി നിരീക്ഷിച്ചു.
ഓരോ ആരാധനാലയത്തിനും സാമൂഹ്യ അകലം ഉറപ്പാക്കുന്നതിന് അടയാളം വച്ചിട്ടുണ്ടെന്ന് സംസ്ഥാന ടൂറിസം വകുപ്പ് പ്രതിനിധി കോടതിയെ അറിയിച്ചു.
“ആരും നിങ്ങളുടെ അടയാളങ്ങൾ പിന്തുടരുന്നില്ല. ദയവായി ചാർ ചാമിലേക്ക് ഒരു ഹെലികോപ്റ്റർ എടുത്ത് പോകൂ, യാഥാർത്ഥ്യം എന്താണെന്ന് മനസ്സിലാകും. കേദാർനാഥിലേക്കും പോകുക …” ചീഫ് ജസ്റ്റിസ് പ്രതികരിച്ചു.
“കോവിഡ് പ്രോട്ടോക്കോൾ ലംഘനങ്ങൾ തെളിയിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ ലഭ്യമാണ്. കോടതി ഈ ചോദ്യങ്ങൾ ചോദിക്കുന്നതിന് പകരം സർക്കാർ സ്വയം ഈ ചോദ്യങ്ങൾ ചോദിക്കണം, നിങ്ങൾ ഉത്തരവുകൾ നൽകുന്നു, എന്നാൽ ആരും നടപ്പാക്കുന്നില്ല,” ചീഫ് ജസ്റ്റിസ് പറഞ്ഞു.
“നമ്മൾ സ്വയം നാണക്കേട് സൃഷ്ടിക്കുന്നു. എന്തുകൊണ്ടാണ് ഉത്തരാഖണ്ഡ് ഇതിൽ നിന്നും പഠിക്കാത്തത് എന്ന് രാജ്യത്തിന്റെ മറ്റ് സംസ്ഥാനങ്ങൾ ചോദിക്കുന്നു? സഹപ്രവർത്തകർ എന്നെ വിളിച്ച് സംസ്ഥാനത്ത് എന്താണ് സംഭവിക്കുന്നതെന്ന് ചോദിക്കുമ്പോൾ എനിക്ക് ലജ്ജ തോന്നുന്നു … നിങ്ങൾക്ക് കോടതിയെ വിഡ്ഢിയാക്കാം, പക്ഷേ നിങ്ങൾക്ക് ജനങ്ങളേ വിഡ്ഢിയാകാൻ കഴിയില്ല, യാഥാർത്ഥ്യം അവർക്കറിയാം … നിങ്ങൾ രാജ്യത്തെ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ വച്ച് കളിക്കുകയാണ്, ”ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.
ജനങ്ങളോടും കേന്ദ്ര സർക്കാരിനോടും ഉത്തരം പറയാൻ ഉത്തരാഖണ്ഡ് സർക്കാരിന് ബാധ്യസ്ഥത ഉണ്ടെന്നും ചീഫ് ജസ്റ്റിസ് ഊന്നിപ്പറഞ്ഞു.