കോമഡി താരം കുനാല്‍ കമ്രയ്ക്ക് വിമാനത്തില്‍ യാത്ര അനുവദിച്ച് വിസ്താര എയര്‍ലൈന്‍സ്. ട്വിറ്ററിലൂടെ കുനാല്‍ തന്നെയാണ് ഈ കാര്യം അറിയിച്ചത്. കുനാലിന് വിലക്ക് ഏര്‍പ്പെടുത്തേണ്ട ആവശ്യമില്ലെന്ന് വിസ്താര വ്യക്തമാക്കിയിരുന്നു. വിമാനതാവളത്തില്‍ വിസ്താരയുടെ ചെക്കിംഗ് കൗണ്ടറിന് അടുത്ത് വിജയ ചിഹ്നം കാണിച്ച് നില്‍ക്കുന്ന ഫോട്ടോ കുനാല്‍ ട്വീറ്റ് ചെയ്തു. എന്റെ വിമാനതാവളം എല്ലാ നന്ദിയും വിസ്താര എയര്‍ലൈനിന് എന്നാണ് കുനാല്‍ ട്വീറ്റ് ചെയ്തത്.
ഇന്റിഗോ വിമാനത്തില്‍ വച്ച് റിപ്പബ്ലിക്ക് ടിവി എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിയോട് മോശമായി പെരുമാറിയിന്റെ പേരില്‍ കുനാലിന് ഇന്റിഗോ അടക്കം നാല് എയര്‍ലൈനുകള്‍ യാത്ര വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി മാത്രമേ തീരുമാനം എടുക്കൂ എന്നാണ് വിസ്താരയും, എയര്‍ ഏഷ്യയും അറിയിച്ചത്. അന്വേഷണത്തിന് ശേഷം കുനാലിന് വിലക്ക് ഏര്‍പ്പെടുത്തേണ്ട ആവശ്യമില്ലെന്നാണ് വിസ്താര കണ്ടെത്തിയത് എന്നാണ് റിപ്പോര്‍ട്ട്.
അതേ സമയം ഇന്റിഗോ എയര്‍ലൈന്‍സ് ഏര്‍പ്പെടുത്തിയ ആറ് മാസത്തെ യാത്ര വിലക്കിനെതിരെ നിയമ നടപടിയുമായി കുനാല്‍ കമ്ര രംഗത്ത് എത്തിയിട്ടുണ്ട്. വിമാനയാത്ര വിലക്കിനെതിരെ കുനാല്‍ കമ്ര ഇന്‍ഡിഗോ എയര്‍ലൈന്‍സിനു വക്കീല്‍ നോട്ടീസ് അയച്ചു
25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം എന്നാവശ്യം യാത്ര വിലക്ക് എത്രയും പെട്ടെന്ന് നീക്കണമെന്നും നിരുപാധികം മാപ്പ് പറയണമെന്നും കമ്പനിയോട് കമ്ര നോട്ടീസില്‍ ആവശ്യപ്പെടുന്നു.
ഇന്റിഗോയ്ക്ക് പിന്നാലെ എയര്‍ ഇന്ത്യ, സ്‌പൈസ് ജെറ്റ്, ഗോ എയര്‍ എന്നിവരും കുനാലിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. നേരത്തെ കുനാല്‍ കമ്രയെ പിന്തുണച്ച് നിരവധി പേര്‍ എത്തിയിരുന്നു. ഇതില്‍ അന്ന് ഇന്റിഗോ വിമാനം പറത്തിയ പൈലറ്റും ഉള്‍പ്പെടും.