ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേന വിമാനം മണിക്കൂറുകള്‍ക്കുള്ളില്‍ കൊച്ചിയില്‍ എത്തും; പ്രത്യേക ആംബുലന്‍സില്‍ വീടുകളിലേക്ക് കൊണ്ടുപോകും

കുവൈറ്റ് ദുരന്തത്തില്‍ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ ഇന്നു നാട്ടിലെത്തിക്കും. ഇതിനായി ഇന്നലെ വ്യോമസേനയുടെ സി 130 ജെ വിമാനം കുവൈറ്റില്‍ എത്തിയിരുന്നു.

കുവൈറ്റില്‍ നിന്നും നടപടികള്‍ പൂര്‍ത്തിയാക്കി തിരിച്ചറിഞ്ഞ ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേന വിമാനം ഇന്ന് ഇന്ത്യയിലേക്ക് തിരിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ 8.30ഓടെ വിമാനം കൊച്ചി വിമാനത്താവളത്തിലെത്തുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.

45 ഇന്ത്യക്കാരാണ് മരിച്ചതെന്നാണ് ഇതുവരെയുള്ള ഔദ്യോഗിക സ്ഥിരീകരണം. തിരിച്ചറിഞ്ഞ 23 മലയാളികളുടെ മൃതദേഹങ്ങള്‍ കൊച്ചിയിലായിരിക്കും എത്തിക്കുകയെന്നാണ് വിവരം. 23 പേര്‍ക്ക് പുറമെ തിരിച്ചറിയാത്തവരില്‍ രണ്ട് മലയാളികള്‍ കൂടിയുണ്ടെന്ന് അനൗദ്യോഗിക വിവരമുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

കുവൈറ്റ് ദുരന്തത്തില്‍ മരണമടഞ്ഞവരുടെ മൃതദേഹം കേരളത്തിലെത്തിയാലുടന്‍ വിമാനത്താവളത്തില്‍ നിന്ന് പ്രത്യേക ആംബുലന്‍സുകളില്‍ വീടുകളിലേക്ക് കൊണ്ടുപോകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നോര്‍ക്കയ്ക്ക് നിര്‍ദ്ദേശം നല്‍കി.