ലോക പ്രശസ്തമായ തിരുപ്പതി ലഡ്ഡു തയ്യാറാക്കാൻ ഉപയോഗിക്കുന്ന നെയ്യിൽ മൃഗക്കൊഴുപ്പിന്റെ സാന്നിധ്യം കണ്ടെത്തിയതിന് ശേഷം ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾ വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇപ്പോഴിതാ ഇതിന് പിന്നാലെ വിശദീകരണവുമായി തിരുമല തിരുപ്പതി ദേവസ്വം (ടിടിഡി). വിവാദങ്ങളുടെ ആവശ്യം ഇല്ലെന്നും പരിശുദ്ധിയിയോടെയാണ് ഇത് ചെയ്യുന്നതെന്നും ദേവസ്വം വ്യക്തമാക്കി.
എന്തെങ്കിലും തരത്തിൽ നെയ്യിൽ മായം ചേരാൻ സാധ്യത ഉള്ള യന്ത്രം ഉടൻ തന്നെ മാറ്റി സ്ഥാപിക്കുമെന്ന് പറഞ്ഞ അവർ ഭക്തർ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും പറഞ്ഞു. ഭക്തരുടെ വിശുദ്ധി സംരക്ഷിക്കാനും ഇത് സംബന്ധിച്ച എല്ലാ വിവാദങ്ങളും അവസാനിപ്പിക്കാനും ട്രസ്റ്റ് പ്രതിജ്ഞാബദ്ധമാണെന്നും അവർ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കി.
മായം കലർന്ന നെയ്യ് വിതരണം ചെയ്ത കരാറുകാരെ കരിമ്പട്ടികയിൽ പെടുത്താനുള്ള നീക്കത്തിലാണെന്നും ടിടിഡി എക്സിക്യൂട്ടീവ് ഓഫീസർ ജെ. ശ്യാമള പറഞ്ഞു. തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡു നിർമ്മാണത്തിനായി 50 വർഷങ്ങളായി നെയ് വിതരണം ചെയ്തിരുന്നത് കർണാടകയിലെ സഹകരണ സ്ഥാപനമായ നന്ദിനിയായിരുന്നു. എന്നാൽ ജഗൻ മോഹൻ റെഡ്ഢി സർക്കാരിന്റെ കാലത്ത് മഹാരാഷ്ട്രയിൽ നിന്നുള്ള സ്വകാര്യ കമ്പനികൾക്ക് കരാർ നൽകി. ഇവർ വിതരണം ചെയ്ത നെയ്യിലാണ് പശുവിന്റെയും പന്നിയുടെയും കൊഴുപ്പിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്.
ഇതോടെ ജഗൻ മോഹൻ റെഡ്‌ഡി കൂടുതൽ പ്രതിരോധത്തിലായിരിക്കുകയാണ്. സർക്കാർ സഹകരണ സ്ഥാപനത്തെ ഒഴിവാക്കി സ്വകാര്യ കമ്പനികളെ ഏൽപ്പിച്ചതിന്റെ പിന്നിൽ ഗൂഢാലോചനയുണ്ടെന്നു ടിഡിപിയും ബിജെപിയും ആരോപിക്കുന്നുണ്ട്. വർഷങ്ങളായി നെയ് വിതരണം ചെയ്തിരുന്ന നന്ദിനിയുമായുള്ള കാരർ എന്തുകൊണ്ട് പെട്ടെന്ന് സർക്കാർ അവസാനിപ്പിച്ചുവെന്ന ചോദ്യവും ഉയരുന്നുണ്ട്.