ഉത്തർ പ്രദേശിലെ ലഖിംപൂർ ഖേരിയിൽ കർഷർക്കിടയിലേക്ക് കേന്ദ്ര മന്ത്രിയുടെ മകൻ ആശിഷ് മിശ്ര വണ്ടിയോടിച്ച് കയറ്റി കർഷകർ കൊല്ലപ്പെട്ട സംഭവത്തിൽ ആസൂത്രിത ഗൂഢാലോചന നടന്നെന്ന് റിപ്പോർട്ട്. കുറ്റാരോപിതരായ 13 പേർക്കെതിരെ കൊലക്കുറ്റത്തിനുള്ള വകുപ്പുകൾ കൂടി ചുമത്തണം എന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് (സിജിഎം) കോടതിയിൽ അപേക്ഷ നൽകി.
ലഖിംപൂർ ഖേരിയിൽ നടന്ന കർഷക സമരത്തിനിടയിലേക്ക് വാഹനമിടിച്ചു കയറ്റി, കർഷകരെ കൊലപ്പെടുത്തിയ കേസിലാണ് കേന്ദ്ര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയ്‌ക്കെതിരെപ്രത്യേക സമിതിയുടെ അന്വേഷണ റിപ്പോർട്ട്. കേസിന്റെ തുടക്കം മുതൽ തന്നെ ആശിഷിനെ സംരക്ഷിക്കുന്ന നിലപാടായിരുന്നു യു.പി പൊലീസിന്റെത്.
പ്രത്യേക അന്വേഷണ സമിതിയുടെ ആദ്യഘട്ട അന്വേഷണത്തിൽ ലഖിംപൂർ ഖേരിയിലേത് അപകടമാണ് എന്ന നിലയിലേക്ക് കാര്യങ്ങൾ പോയിരുന്നു. എന്നാൽ, വിഷയത്തിൽ സുപ്രീംകോടതി ഇടപെടുകയും കർശനമായ അന്വേഷമം വേണമെന്ന് നിർദ്ദേശിക്കുകയും ചെയ്യുകയായിരുന്നു. തുടർന്നാണ് പ്രത്യേക അന്വേഷണസംഘം വിശദമായ അന്വേഷണം നടത്തുകയും റിപ്പോർട്ട് ലഖിംപൂർ ഖേരി സിജെഎം കോടതിയിൽ സമർപ്പിക്കുകയും ചെയ്തിരിക്കുന്നത്.
പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകളായ ഐപിസി 279, 338, 304 എ, എന്നിവയ്ക്കു പകരം പുതിയ വകുപ്പുകൾ ചേർക്കണം എന്നാണ് അപേക്ഷയിൽ ആവശ്യപ്പെടുന്നത്. മുൻകൂട്ടി ആസൂത്രണം ചെയ്തു കൃത്യമായി നടപ്പാക്കിയ ക്രൂരകൃത്യമായിരുന്നു ലഖിംപുരിൽ അരങ്ങേറിയതെന്നും അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിച്ച അപേക്ഷയിൽ പറയുന്നു.