അക്കൗണ്ടിൽ എത്തിയ ലക്ഷങ്ങള്‍ മോദി തന്നതെന്ന് കരുതി ചെലവഴിച്ചു; പറ്റിയത് അബദ്ധം, പണം തിരികെ ചോദിച്ച് ബാങ്ക്

ബാങ്കിന് പറ്റിയ അബദ്ധത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായിരിക്കുകയാണ് മഹാരാഷ്ട്രയിലെ ഒരു കര്‍ഷകന്‍. തന്റെ ബാങ്ക് അക്കൗണ്ടില്‍ അപ്രതീക്ഷിതമായി വന്ന 15 ലക്ഷം ബാങ്ക് തിരിച്ച് ചോദിച്ചതാണ് കര്‍ഷകനെ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്.

മഹാരാഷ്ട്രയിലെ ജ്ഞാനേശ്വര്‍ ഒതേ എന്ന കര്‍ഷകന്റെ ജന്‍ധന്‍ അക്കൗണ്ടിലേക്കാണ് അപ്രതീക്ഷിതമായി 15 ലക്ഷം എത്തിയത്. 2021 ഓഗസ്റ്റ് മാസത്തിലായിരുന്നു സംഭവം. പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിന്റെ ഭാഗമായാകാം പണം എത്തിയത് എന്നാണ് ജ്ഞാനേശ്വര്‍ കരുതിയത്. ഇത് തുടര്‍ന്ന് സന്തോഷം പ്രകടിപ്പിച്ച് കൊണ്ട് ഇയാള്‍ പ്രധാനമന്ത്രിക്ക് കത്ത് അയയ്ക്കുകയും ചെയ്തിരുന്നു.

ജ്ഞാനേശ്വറിന്റെ ബാങ്ക് ഓഫ് ബറോഡയിലെ അക്കൗണ്ടിലേക്കാണ് പണം എത്തിയത്. ഇതില്‍ നിന്ന് ഒമ്പത് ലക്ഷം രൂപ വീട് പണിയുന്നതിനായി കര്‍ഷകന്‍ പിന്‍വലിച്ചു. എന്നാല്‍ ആറ് മാസത്തിന് ശേഷം ബാങ്കില്‍ നിന്നെത്തിയ നോട്ടീസാണ് കര്‍ഷകനെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പിംപല്‍വാടി ഗ്രാമപഞ്ചായത്തിലേക്ക് അയച്ച തുക അക്കൗണ്ട് മാറി ജ്ഞാനേശ്വര്‍ ഒതേയുടെ അക്കൗണ്ടില്‍ എത്തുകയായിരുന്നു എന്ന് നോട്ടീസില്‍ പറയുന്നു. ബാങ്കിന് അബദ്ധം പറ്റിയതാണ്. തുക മുഴുവനും തിരികെ നല്‍കണം എന്നും ബാങ്ക് ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി നല്‍കിയതാണ് എന്ന് കരുതിയാണ് താന്‍ അത് ഉപയോഗിച്ചത് എന്ന് ജ്ഞാനേശ്വര്‍ ഒതേ പറഞ്ഞു. അക്കൗണ്ടില്‍ ബാക്കി ഉണ്ടായിരുന്ന ആറ് ലക്ഷം രൂപ അദ്ദേഹം ബാങ്കിന് തിരികെ നല്‍കി. എന്നാല്‍ വീട് നിര്‍മ്മാണത്തിനായി എടുത്ത ഒമ്പത് തക്ഷം തിരിച്ചടയ്ക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ജ്ഞാനേശ്വര്‍ പറയുന്നു.