ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്റെ “ജനാധിപത്യവിരുദ്ധ നടപടികൾക്ക്” എതിരെ ലക്ഷദ്വീപിലെ ഭാരതീയ ജനതാ പാർട്ടിയുടെ യുവജന വിഭാഗത്തിലെ എട്ട് അംഗങ്ങൾ രാജിവച്ചതായി കോൺഗ്രസ് നേതാവ് ശശി തരൂർ ബുധനാഴ്ച പങ്കുവെച്ച കത്തിൽ പറയുന്നു.
ജനറൽ സെക്രട്ടറി പി പി മുഹമ്മദ് ഹാഷിം ഉൾപ്പെടെയുള്ള യുവ മോർച്ച നേതാക്കൾ തിങ്കളാഴ്ച ബിജെപിയുടെ ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുല്ല കുട്ടിക്ക് രാജി കത്ത് അയച്ചു. പ്രഫുൽ ഖോഡ പട്ടേൽ ഏകപക്ഷീയമായി എടുക്കുന്ന തീരുമാനങ്ങളിലൂടെ ലക്ഷദ്വീപ് പ്രദേശത്തിന്റെ സമാധാനവും ശാന്തതയും നശിപ്പിക്കുകയാണെന്ന് അവർ കത്തിൽ മുന്നറിയിപ്പ് നൽകി.
പട്ടേൽ തന്റെ ഭരണത്തിന്റെ ആദ്യ അഞ്ച് മാസങ്ങളിൽ തന്നെ നിരവധി നിയന്ത്രണങ്ങളാണ് ലക്ഷദ്വീപിൽ ഏർപ്പെടുത്തിയത്, ഇതിൽ നിർദ്ദിഷ്ട പശു കശാപ്പ് നിരോധനം, രാജ്യത്തെ ഏറ്റവും കുറഞ്ഞ കുറ്റകൃത്യങ്ങൾ ഉള്ള കേന്ദ്രഭരണ പ്രദേശത്തെ പ്രതിരോധ തടങ്കൽ നിയമം, ഭൂവികസന ചട്ടങ്ങളിൽ വലിയ മാറ്റങ്ങൾ നിർദ്ദേശിക്കുന്ന കരട് നിയമം എന്നിവ ഉൾപ്പെടുന്നു. ഇത് സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധത്തിന് കാരണമായി.
ഗുജറാത്ത് ആഭ്യന്തരമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുള്ള, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും അടുത്ത ബന്ധം പുലർത്തുന്ന പട്ടേൽ ലക്ഷദ്വീപിലെ മുസ്ലീം ജനതയെ ലക്ഷ്യമിട്ട് ബിജെപിയുടെ രാഷ്ട്രീയ അജണ്ട നടപ്പാക്കുകയാണെന്നാണ് പ്രതിപക്ഷ നേതാക്കൾ ആരോപിക്കുന്നത്.