ലാലു പ്രസാദ് യാദവിന് കോണിപ്പടിയില്‍ നിന്ന് വീണ് പരിക്ക്

ആര്‍ ജെ ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് ആശുപത്രിയിൽ. വീട്ടിലെ കോണിപ്പടിയില്‍ നിന്ന് വീണ് പരുക്കേറ്റതിനെ തുടർന്നാണ് അദ്ദേഹത്തെ പാറ്റ്‌നയിലെ പരസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തോളിനും പുറത്തുമേറ്റ പരുക്ക് ഗുരുതരമുള്ളതാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഈ വര്‍ഷമാദ്യവും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ലാലുവിനെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു. തുടർന്നാണ് വീണ്ടും അപകടം. കാലിതീറ്റ കുംഭകോണകേസില്‍ ജയില്‍ മോചിതനായ ലാലു ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഏറെകാലം ചികിത്സയിലായിരുന്നു.

2017ല്‍ ആണ് കാലിത്തീറ്റ കുംഭകോണകേസില്‍ ലാലു വിചാരതടവിലാകുന്നത്. തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ലാലു പ്രസാദ് യാദവ്  ചികിത്സക്ക് വിധേയനാവുകയായിരുന്നു. 139.35 കോടിയുടെ കാലിത്തീറ്റ കുംഭകോണകേസുമായി ബന്ധപ്പെട്ട് ഡൊറന്‍ഡ ട്രഷറി അഴിമതി കേസില്‍ കഴിഞ്ഞ ഏപ്രിലിലാണ് ജാര്‍ഖണ്ഡ് ഹൈക്കോടതി ലാലുവിന് ജാമ്യം അനുവദിച്ചത്.

അതിനിടെ ഫെബ്രുവരിയില്‍ അഞ്ചാമത്തെ കാലിതീറ്റ കുംഭകോണകേസില്‍ ലാലുവിനെ പ്രത്യേക സി ബി ഐ കോടതി കുറ്റക്കാരനെന്നു വിധിച്ചിരുന്നു.