ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചില്‍; ആറ് പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

ഹിമാചല്‍ പ്രദേശിലുണ്ടായ മണ്ണിടിച്ചിലില്‍ 6 പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. കുളു ജില്ലയിലെ മണികര്‍ണിയിലാണ് അപകടം നടന്നത്. മരിച്ചവരില്‍ ഒരു വഴിയോര കച്ചവടക്കാരനും ഒരു കാര്‍ ഡ്രൈവറും സംഭവസ്ഥലത്തുണ്ടായിരുന്ന മൂന്ന് വിനോദസഞ്ചാരികളും ഉള്‍പ്പെടുന്നുവെന്നാണ് വിവരം.

ഇന്ന് വൈകിട്ട് 5 മണിയോടെയാണ് അപകടം സംഭവിച്ചത്. മണികര്‍ണിക ഗുരുദ്വാരയ്ക്ക് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. അവിടെ ഒരു മരം കടപുഴകി വീണു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പൊലീസ് സംഘവും മറ്റ് ജില്ലാ അധികൃതരും സ്ഥലത്തുണ്ട്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നു.

മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ജയറാം താക്കൂര്‍ മണ്ണിടിച്ചിലില്‍ ജീവന്‍ നഷ്ടപ്പെട്ടതില്‍ ദുഃഖം രേഖപ്പെടുത്തുകയും ദുരിതബാധിതരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.