ഭീകരസംഘടന ലഷ്കറെ തയിബയുടെ നേതാവ് അബു ഖത്തൽ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ജമ്മു കശ്മീരിൽ ഒട്ടേറെ ആക്രമണങ്ങൾ ആസൂത്രണം ചെയ്തതിനു പിന്നിലെ മുഖ്യ സൂത്രധാരനാണ് അബു ഖത്തൽ. പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഷ്കറെ തയിബയുടെ ചീഫ് ഓപ്പറേഷനൽ കമാൻഡറായിരുന്നു അബു ഖത്തൽ എന്നറിയപ്പെടുന്ന സിയാ-ഉർ-റഹ്മാൻ.
ശനിയാഴ്ച വൈകിട്ട് സുരക്ഷാ ജീവനക്കാർക്കൊപ്പം ഝലം പ്രദേശത്ത് യാത്ര ചെയ്യുമ്പോൾ അജ്ഞാതരായ തോക്കുധാരികൾ വെടിയുതിർക്കുകയായിരുന്നു. അക്രമികൾ 15 മുതൽ 20 വരെ റൗണ്ട് വെടിയുതിർത്തു. അബു ഖത്തലും ഒരു സുരക്ഷാ ജീവനക്കാരനും സംഭവസ്ഥലത്ത് വച്ചു തന്നെ കൊല്ലപ്പെട്ടു. പാക്കിസ്ഥാൻ സൈന്യത്തിന്റെ കനത്ത സംരക്ഷണത്തിലായിരുന്ന അബു ഖത്തൽ. ലഷ്‌കറെ തയിബ ഭീകരരെയും സാധാരണ വേഷത്തിൽ പാക്ക് സൈനികരെയും സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നു.
Read more
26/11 മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയായിരുന്നു അബു ഖത്തൽ. 2023ലെ രജൗറി ആക്രമണത്തിലും 2023 ഏപ്രിൽ 20ന് നടന്ന ദുരിയ ഭീകരാക്രമണത്തിലും ഖത്തലിന് പങ്കുണ്ടായിരുന്നു. ജമ്മു കശ്മീരിലെ ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ളവരെ ലക്ഷ്യമിട്ട് പാക്കിസ്ഥാനിൽ നിന്നുള്ള ലഷ്കറെ തയിബ ഭീകരരെ റിക്രൂട്ട് ചെയ്യുന്നതിനും അയയ്ക്കുന്നതിനും അബു ഖത്തൽ പ്രവർത്തിച്ചിരുന്നു.