രണ്ടാം മോദി സർക്കാരിന്‍റെ അവസാന പാർലമെന്‍റ് സമ്മേളനത്തിന് ഇന്ന് തിരശ്ശീല വീഴും. പാര്‍ലമെന്റ് സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്ന് രാമക്ഷേത്രം സാധ്യമാക്കിയ നരേന്ദ്രമോദിക്ക് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് പാർലമെന്റ് പ്രമേയം പാസാക്കാൻ സാധ്യതയുള്ളതായി റിപ്പോർട്ടുകളുണ്ട്.
പാർലമെന്റിന്റെ ഇരു സഭകളും രാമക്ഷേത്രം സാധ്യമായതിനെ കുറിച്ചും അത് സാധ്യമാകാൻ കാരണക്കാരനായ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചും ചർച്ച ചെയ്യും. രാജ്യസഭയിലും ലോക്സഭയിലും ചര്‍ച്ച കൊണ്ടുവരാനാണ് ബിജെപി നീക്കം. പ്രമേയത്തിന് പുറമെ ‘അമൃത് കാൽ’ (വികസിത ഭാരതം) എന്ന വിഷയത്തിൽ ചർച്ചയുമുണ്ടാകാൻ സാധ്യതയുണ്ടെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ മാസം 31നാണ് പാർലമെന്‍റ് സമ്മേളനം ആരംഭിച്ചത്. ഇടക്കാല ബഡ്ജറ്റ് അവതരണത്തിനായി രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിച്ച പാർലമെന്‍റ് സമ്മേളനത്തിൽ നിരവധി ധനബില്ലുകൾ കേന്ദ്രസർക്കാർ പാസാക്കി. പൊതുപരീക്ഷാക്രമക്കേട് തടയിൽ നിയമ ഭേദഗതി ബിൽ ഉൾപ്പെടെ സുപ്രധാന ബില്ലുകളും ഈ സമ്മേളന കാലയളവിൽ പാർലമെന്‍റിന്‍റെ ഇരു സഭകളും ചേർന്ന് പാസാക്കി.
കഴിഞ്ഞകാല കോൺഗ്രസ് സർക്കാരുകളുടെയും നരേന്ദ്ര മോദി സർക്കാരിന്‍റെയും പ്രവർത്തനം താരതമ്യം ചെയ്യുന്ന ധവളപത്രം സഭയിൽ അവതരിപ്പിച്ചത് പ്രതിപക്ഷ- ഭരണപക്ഷ വാക്പോരിന് വഴിയൊരുക്കി. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് നൽകുന്ന കേന്ദ്രവിഹിതത്തിലെ വിവേചനത്തെ ചൊല്ലിയും സമ്മേളനത്തിൽ ചർച്ചകൾ നടന്നിരുന്നു. സമ്മേളനത്തിന്‍റെ അവസാന ദിനവും ഈ വിവേചനം ചൂണ്ടിക്കാട്ടാനാവും പ്രതിപക്ഷ പാർട്ടികൾ ശ്രമിക്കുക.