ഐഎസ്ആര്‍ഒ നിര്‍മിച്ച ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ഇൻസാറ്റ്- ത്രീ ഡി എസ് വിക്ഷേപണം ഇന്ന്. അത്യാധുനിക കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹമായ ഇന്‍സാറ്റ് 3ഡി എസിന്റെ വിക്ഷേപണം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ വൈകിട്ട് 5.35നാണ് നടക്കുക. ജിഎസ്എല്‍വി എഫ്14 ആണ് വിക്ഷേപണ വാഹനം.
പ്രകൃതി ദുരന്തങ്ങളുടെ മുന്നറിയിപ്പിനും കാലാവസ്ഥാ പ്രവചനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഉപഗ്രഹം മുതല്‍ക്കൂട്ടാകുമെന്നാണ് കരുതുന്നത്. കാട്ടു തീ വരെ തിരിച്ചറിയാനും, മേഘങ്ങളുടെ സഞ്ചാരവും സമുദ്രത്തിലെ മാറ്റങ്ങളും മനസിലാക്കാനും ഇന്‍സാറ്റ് 3ഡിഎസ് നല്‍കുന്ന വിവരങ്ങളിലൂടെ സാധിക്കും.
കാലാവസ്ഥാ നിരീക്ഷണം, വാര്‍ത്താവിനിമയം, ടെലിവിഷന്‍ സംപ്രേഷണം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ഇന്ത്യ വികസിപ്പിച്ച ഇന്ത്യന്‍ നാഷണല്‍ സാറ്റലൈറ്റ് (ഇന്‍സാറ്റ്) ശ്രേണിയിലെ ഏറ്റവും പുതിയ ഉപഗ്രഹമാണ് ഇന്‍സാറ്റ് 3 ഡിഎസ്. ഭൗമശാസ്ത്ര മന്ത്രാലയത്തിനുവേണ്ടി നിര്‍മിച്ച ഇന്‍സാറ്റ് 3 ഡിഎസ് ഇപ്പോള്‍ ഭ്രമണപഥത്തിലുള്ള ഇന്‍സാറ്റ് 3 ഡി, 3 ഡിആര്‍ എന്നീ ഉപഗ്രങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് ഏറ്റെടുക്കുക.
Read more
1982ല്‍ വിക്ഷേപിച്ച ഇന്‍സാറ്റ് 1 എ ആയിരുന്നു ഈ ശ്രേണിയിലെ ആദ്യത്തേതെങ്കിലും അത് വിജയിച്ചില്ല. എന്നാല്‍, ഇന്‍സാറ്റ് 1 ബി പത്തുവര്‍ഷക്കാലം വിജയകരമായി പ്രവര്‍ത്തിച്ചു. ഈ ശ്രേണിയിലെ അവസാന ഉപഗ്രഹം ഇന്‍സാറ്റ് 3 ഡിആര്‍ 2016 സെപ്റ്റംബറിലാണ് വിക്ഷേപിച്ചത്.