പുതിയ പാർലമെന്‍റ് മന്ദിരത്തിൽ ഇന്നലെ എംപിമാർക്ക് വിതരണം ചെയ്ത ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് മതേതരത്വം, സോഷ്യലിസം എന്നീ പാദങ്ങൾ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ. എംപിമാർക്ക് നൽകിയത് ‘ഒറിജിനൽ’ ഭരണഘടനയാണെന്നും മതേതരത്വം, സോഷ്യലിസം എന്നീ പാദങ്ങൾ കൂട്ടിച്ചേർത്ത് ഭേദഗതി വരുത്തിയത് പിന്നീടാണെന്നും അദ്ദേഹം ന്യായീകരിച്ചു.
‘ഭരണഘടനക്ക് രൂപം നൽകിയപ്പോൾ അത് ഇങ്ങനെയായിരുന്നു. ഭേദഗതി വന്നത് പിന്നീടാണ്. എംപിമാർക്ക് നൽകിയത് യഥാർഥ ഭരണഘടനയുടെ പകർപ്പാണ്’ എന്നായിരുന്നു നിയമമന്ത്രിയുടെ വാദം. എംപിമാർക്ക് ലഭിച്ച ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് ‘സെക്കുലർ’,’സോഷ്യലിസ്റ്റ്’ എന്നീ പദങ്ങൾ നീക്കം ചെയ്തതായി കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയാണ് ആരോപണം ഉന്നയിച്ചത്. സർക്കാർ ഈ മാറ്റം വളരെ ബുദ്ധിപൂർവ്വം നടത്തിയെന്നും ഇതിന് പിന്നിലെ ഉദ്ദേശങ്ങൾ പ്രശ്‌നമുള്ളതാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
Read more
ഇന്ത്യൻ ഭരണഘടനയുടെ പകർപ്പ്, പാർലമെന്റുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ, സ്മാരക നാണയം, സ്റ്റാമ്പ് എന്നിവ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ദിനത്തിൽ പാർലമെന്റ് അംഗങ്ങൾക്ക് സമ്മാനമായി ലഭിച്ചിരുന്നു. ഇങ്ങനെ ലഭിച്ച ഭരണഘടനയുടെ പകർപ്പിൽ നിന്നാണ് മതേതരത്വവും സോഷ്യലിസവും പുറത്തായത്.