സഭയിൽ രാഹുലിന്റെ 'ചക്രവ്യൂഹം'; ബജറ്റിനെതിരെ കത്തിക്കയറി പ്രതിപക്ഷ നേതാവ്, തലയിൽ കൈ വെച്ച് നിർമലാ സീതാരാമൻ

പാർലമെന്റിലെ ബജറ്റ് ചർച്ചയിൽ കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗം. മോദിയും അമിത് ഷായും ഇന്ത്യയെ ചക്രവ്യൂഹത്തിൽ കുരുക്കുകയാണെന്ന് രാഹുൽ വിമർശിച്ചു. ഈ ചക്രവ്യൂഹം നിയന്ത്രിക്കുന്നത് അദാനിയും അംബാനിയും ഉൾപ്പെടെ ആറുപേരാണെന്നും ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചത് അവർക്ക് വേണ്ടിയാണെന്നും രാഹുൽ ആരോപിച്ചു. 45 മിനിറ്റ് നീണ്ടുനിന്ന രാഹുലിന്റെ പ്രസംഗത്തിനിടയിൽ സഭയിൽ ബഹളം ശക്തമായി.

‘ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പാണ് കുരുക്ഷേത്ര യുദ്ധത്തിൽ ആറു പേർ ചേർന്ന് അഭിമന്യൂവിനെ ചക്രവ്യൂഹത്തിൽ കുടുങ്ങി കൊലപ്പെടുത്തിയത്. ആ ചക്രവ്യൂഹത്തെ പത്മവ്യൂഹമെന്നും വിളിക്കാം. ഒരു താമര പോലെയാണത്. 21ാം നൂറ്റാണ്ടിൽ, താമരയുടെ പ്രതീകാത്മക രൂപത്തിൽ പുതിയൊരു ചക്രവ്യൂഹം നിർമിച്ചിരിക്കുന്നു. പ്രധാനമന്ത്രി ആ ചിഹ്നം തന്റെ നെഞ്ചിലണിഞ്ഞിരിക്കുന്നു. അഭിമന്യൂവിന്റെ അതേ ഗതിയാണ് ഇന്ത്യക്ക്’ രാഹുൽ പറഞ്ഞു.

‘ഇന്ത്യയിലെ യുവാക്കളും കർഷകരും സ്ത്രീകളും ചെറുകിട കച്ചവടക്കാരും ചക്രവ്യൂഹത്തിൽ പെട്ട അവസ്ഥയാണ് അനുഭവിച്ച് കൊണ്ടിരിക്കുന്നത്. നരേന്ദ്രമോദി, അമിത്ഷാ, മോഹൻ ഭാഗവത്, അജിത് ഡോവൽ അംബാനി, അദാനി എന്നീ ആറുപേരാണ് ഈ ചക്രവ്യൂഹത്തെ നിയന്ത്രിക്കുന്നത്. അവർ അഭിമന്യുവിനെ കൊന്ന പോലെ രാജ്യത്തെയും കൊല്ലും, യുവാക്കൾ, സ്ത്രീകൾ, കർഷകർ എല്ലാം ആ ചക്രവ്യൂഹത്തിൽ പിടയുകയാണ്.’ പ്രതിപക്ഷ നേതാവ് പറഞ്ഞു.

മോഹൻ ഭഗവത്, അംബാനി, അദാനി എന്നിവരെ രാഹുൽഗാന്ധി പ്രസംഗത്തിൽ പരാമർശിച്ചതിൽ ഭരണപക്ഷം പ്രതിഷേധമുയർത്തി. പാർലമെന്റിലില്ലാത്തവരെ കുറിച്ച് പരാമർശം നടത്തരുതെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർളയും പ്രതികരിച്ചു. ബിജെപിയിൽ ഒരാൾക്ക് മാത്രമേ പ്രധാനമന്ത്രി പദം സ്വപ്നം കാണാൻ കഴിയുകയുള്ളൂ എന്നും മോദിയെ വിമർശിച്ച് രാഹുൽ പറഞ്ഞു. ബിഹാറിനെയും ആന്ധ്രാപ്രദേശിനെയും മാത്രം പരിഗണിച്ചുള്ള കേന്ദ്രബജറ്റിനെയും രാഹുൽ കടന്നാക്രമിച്ചു.

ബജറ്റിൽ യുവാക്കൾക്കായി നിങ്ങൾ എന്താണ് ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു. യുവാക്കൾക്ക് തൊഴിൽ ലഭിക്കാത്ത സ്ഥിതിയാണ്. ബജറ്റിലെ ഇൻ്റേൺഷിപ്പ് പരിപാടി തമാശയാണെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു. കാരണം, രാജ്യത്തെ മികച്ച 500 കമ്പനികളിൽ മാത്രമേ ഇൻ്റേൺഷിപ്പ് നടത്തൂ എന്നാണ് പറഞ്ഞതെന്നും രാഹുൽ കുറ്റപ്പെടുത്തി. ആദ്യം നിങ്ങൾ യുവാക്കളുടെ കാല് ഒടിച്ചുവെന്നും പിന്നീട് ബാൻഡേജ് ചുറ്റുകയാണെന്നും അദ്ദേഹം വിമർശിച്ചു. ഒരു വശത്ത് ചോദ്യപേപ്പർ ചോർച്ചയുടെയും മറുവശത്ത് തൊഴിലില്ലായ്മയുടെയും ഭ്രമണപഥത്തിൽ നിങ്ങൾ യുവാക്കളെ കുടുക്കി.

10 വർഷത്തിനിടെ 70 തവണയാണ് ചോദ്യപേപ്പറുകൾ ചോർന്നത്. പേപ്പർ ചോർച്ച ഒരിക്കൽ പോലും ബജറ്റിൽ പരാമർശിച്ചിട്ടില്ല. വിദ്യാഭ്യാസ ബജറ്റിൽ നൽകേണ്ടിയിരുന്ന തുകയും നൽകിയില്ല. മറുവശത്ത്, ആദ്യമായി നിങ്ങൾ സൈനികരെ അഗ്നിവീരൻ്റെ ചക്രവ്യൂഹത്തിൽ കുടുക്കി. അഗ്നിവീരന് ഒരു രൂപ പോലും ഇല്ല. കർഷകർക്ക്‌ എന്ത് ഗ്യാരണ്ടിയാണ് നൽകാനുള്ളതെന്നും രാഹുൽ ചോദിച്ചു.

അദാനിയും അംബാനിയും ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങളും ബിസിനസും നിയന്ത്രിക്കുന്നുവെന്ന് രാഹുൽ പറഞ്ഞു. അവർക്ക് വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, ടെലികോം എന്നിവയുണ്ട്, ഇപ്പോൾ അവർ റെയിൽവേയിലേക്ക് പോകുന്നു. ഇന്ത്യയുടെ സമ്പത്തിൻ്റെ കുത്തക അവർക്കാണ്. അവരെക്കുറിച്ച് സംസാരിക്കാൻ കഴിയില്ലെന്ന് നിങ്ങൾ പറഞ്ഞാൽ, അത് ഞങ്ങൾക്ക് സ്വീകാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ട്രഷറി ബെഞ്ചിൽ നിന്ന് ബഹളം തുടങ്ങി. പ്രതിപക്ഷ നേതാവിന് സഭാ ചട്ടങ്ങൾ അറിയില്ലെന്ന് പാർലമെൻ്ററി കാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു. ചട്ടങ്ങൾക്കനുസരിച്ചാണ് സഭ നിയന്ത്രിക്കുന്നത്. പ്രതിപക്ഷ നേതാവ് സ്പീക്കറെ വെല്ലുവിളിച്ച് അദ്ദേഹത്തിൻ്റെ അന്തസ്സ് താഴ്ത്തിയെന്നും മന്ത്രി കുറ്റപ്പെടുത്തി.

‘നികുതി ഭീകരതയുടെ പ്രശ്നം ബജറ്റ് അഭിസംബോധന ചെയ്തിട്ടില്ല, അത് ചെറുകിട വ്യവസായങ്ങളെ സാരമായി ബാധിച്ചു’- ജൂലൈ 22 ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെ രൂക്ഷമായി വിമർശിച്ചുകൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞു. ബജറ്റിന് മുമ്പ് മധ്യവർഗം പ്രധാനമന്ത്രിയെ പിന്തുണച്ചിരുന്നു. എന്നാൽ ബജറ്റിലൂടെ നിങ്ങൾ മധ്യവർഗത്തിൻ്റെ മുതുകിലും നെഞ്ചിലും കുത്തി. ഇപ്പോൾ മധ്യവർഗം നിങ്ങളെ ഉപേക്ഷിച്ച് ഇങ്ങോട്ട് വരാൻ പോകുന്നുവെന്നും രാഹുൽ പറഞ്ഞു.

Latest Stories

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളുടെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം