അണ്ണാമലൈ പഠനത്തിനായി വിദേശത്തേക്ക്; ഖുശ്ബു ബിജെപി അധ്യക്ഷയാകുമെന്ന് റിപ്പോര്‍ട്ട്; വിജയ് സഹോദരനെന്ന് നടി; ഒപ്പം ചേര്‍ക്കാന്‍ നീക്കവുമായി ബിജെപി

ദേശീയ വനിത കമീഷന്‍ അംഗത്വം രാജിവെച്ചത് രാഷ്ട്രീയത്തില്‍ സജീവമായ ഖുശ്ബു സുന്ദര്‍ തമിഴ്‌നാട് ബിജെപി അധ്യക്ഷയാകുമെന്ന് റിപ്പോര്‍ട്ട്. നിലവിലെ അധ്യക്ഷന്‍ കെ. അണ്ണാമലൈ ഫെലോഷിപ്പോടെ ലണ്ടനില്‍ പഠിക്കാന്‍ പോകുന്ന സാഹചര്യത്തില്‍ നടി ഖുശ്ബുവിനെ ഈ പദവിയിലേക്കു നിയമിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. നടന്‍ വിജയ് പുതിയ പാര്‍ട്ടിയുമായി രംഗത്ത് വരുമ്പോള്‍ അദേഹവുമായുള്ള ചര്‍ച്ചയ്ക്കും ഖുശ്ബുവിന് സാധിക്കുമെന്നാണ് ബിജെപി നേതൃത്വം കരുതുന്നത്.

താന്‍ സജീവ രാഷ്ട്രീയത്തിലിറങ്ങുന്നത് ഡി.എം.കെ കേന്ദ്രങ്ങളെ അലോസരപ്പെടുത്തുന്നുണ്ടെന്ന് സാമുഹിക മാധ്യമങ്ങള്‍ ശ്രദ്ധിച്ചാല്‍ അറിയാനാവുമെന്നും ഖുശ്ബു ആരോപിച്ചു. പാര്‍ട്ടി പുതിയ പദവികള്‍ ഒന്നും വാഗ്ദാനം ചെയ്തിട്ടില്ല. വനിത കമ്മീഷന്‍ അംഗമായിരിക്കവെ പൊതുപ്രവര്‍ത്തന രംഗത്ത് ചില നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു.

നടന്‍ വിജയ് യുടെ പുതിയ രാഷ്ട്രീയ കക്ഷിയുമായി സഖ്യമുണ്ടാക്കുന്നതില്‍ ബി.ജെ.പി നേതൃത്വം തീരുമാനമെടുക്കും. തന്റെ സഹോദരനായ വിജയ് ബുദ്ധിമാനാണെന്നും രാഷ്ട്രീയത്തിലിറങ്ങുന്ന വിജയ്ക്ക് ആശംസകള്‍ നേരുന്നതായും ഖുശ്ബു വ്യക്തമാക്കി.

2023 ഫെബ്രുവരി 27-നാണ് ഖുശ്ബു ദേശീയ വനിതാ കമ്മിഷനംഗമാവുന്നത്. അണ്ണാമലൈ ഈ മാസം 28-നാണ് ലണ്ടനിലേക്ക് തിരിക്കുന്നത്. അധ്യക്ഷ പദവിയിലേക്കുള്ള ഖുശ്ബുവിന്റെ നീക്കത്തില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം അതൃപ്തരാണ്. പാര്‍ട്ടിയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന വാനതി ശ്രിനിവാസനെയും വിജയധാരണിയെയും പോലുള്ള വനിതാ നേതാക്കളുള്ളപ്പോള്‍ ഖുശ്ബുവിന് അധ്യക്ഷ പദവി നല്‍കുന്നത് എന്തിനാണെന്നാണ് അവരുടെ ചോദ്യം.

Read more

ഖുശ്ബു 2010-ലാണ് ഡി.എം.കെ.യിലൂടെ രാഷ്ട്രീയത്തിലെത്തുന്നത്. പിന്നീട് 2014-ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ആറുവര്‍ഷം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചശേഷം 2020 അവസാനത്തോടെയാണ് ബി.ജെ.പി.യില്‍ എത്തുന്നത്. 2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ തൗസന്‍ഡ് ലൈറ്റ്സ് മണ്ഡലത്തില്‍ മത്സരിച്ചു പരാജയപ്പെട്ടിരുന്നു.