ഗുലാം നബി ആസാദ് കോണ്‍ഗ്രസ് വിട്ടതില്‍ നേതൃത്വത്തിനെതിരേ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് മനീഷ് തിവാരി. നേതൃത്വം ആത്മപരിശോധന നടത്തണമെന്നും തിവാരി ആവശ്യപ്പെട്ടു.
കോണ്‍ഗ്രസില്‍ നേരത്തെ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ടില്ല. അതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമായിരിക്കുന്നത്. പാര്‍ട്ടിയുടെ ഭാവി ആശങ്കാജനകമാണെന്നും ഗൗരവതരമായി കാണണമെന്നും ചൂണ്ടിക്കാട്ടി രണ്ടു വര്‍ഷം മുമ്പ് സോണിയാ ഗാന്ധിക്ക് കത്തെഴുതിയതാണ്.
അതിനു ശേഷം നടന്ന എല്ലാ നിയമസഭാ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് പരാജയപ്പെട്ടു. രാജ്യവും കോണ്‍ഗ്രസും ചിന്തിക്കുന്നത് രണ്ടുതരത്തിലാണെന്നും തിവാരി പറഞ്ഞു.
കോണ്‍ഗ്രസ് വിട്ട ഗുലാം നബി ആസാദിന് പിന്നാലെ ആനന്ദ് ശര്‍മയടക്കം മുതിര്‍ന്ന നേതാക്കള്‍ ഇനിയും പാര്‍ട്ടിയോട് വിട പറയുമെന്ന് സൂചന. പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനാണ് ഗുലാം നബി ആസാദിന്റെയും കൂട്ടരുടെയും ആലോചന.
അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്ന ജമ്മു കശ്മീരീല്‍ തനിച്ച് മല്‍സരിക്കുന്ന പുതിയ പാര്‍ട്ടി, തിരഞ്ഞെടുപ്പിന് ശേഷം എന്‍ഡിഎയുടെ ഭാഗമാകാനും സാധ്യതയുണ്ട്. ഗുലാം നബി ജമ്മു കശ്മീരില്‍ പുതിയ പാര്‍ട്ടി ഉണ്ടാക്കുമെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഗുലാം നബിക്ക് പിന്നാലെ കോണ്‍ഗ്രസ് വിട്ട പ്രമുഖ സംസ്ഥാന നേതാക്കള്‍ പുതിയ പാര്‍ട്ടിയുടെ ഭാഗമാകും.