ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെ പുതിയ സമൂഹ മാധ്യമ നയത്തെ പരിഹസിച്ച് യുട്യൂബര്‍ ധ്രുവ് റാഠി. സമൂഹ മാധ്യമങ്ങളിലൂടെ സര്‍ക്കാരിനെ പുകഴ്ത്തിയാല്‍ കണ്ടന്‍റ് ക്രിയേറ്റര്‍മാര്‍ക്ക് എട്ടു ലക്ഷം രൂപ വരെ നൽകുന്ന നയത്തെ ‘കൈക്കൂലി നിയമവിധേയമാക്കി’ എന്നാണ് ധ്രുവ് റാഠിവിശേഷിപ്പിച്ചത്. നികുതിദായകരുടെ പണം ഇന്‍ഫ്ലുവന്‍സര്‍മാര്‍ക്ക് കൈക്കൂലിയായി നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ധ്രുവ് റാഠി ചൂണ്ടിക്കാട്ടി. ഇതില്‍ നിന്നും ഇന്‍ഫ്ലുവന്‍സര്‍മാര്‍ വിട്ടുനില്‍ക്കണമെന്നും ധ്രുവ് ആവശ്യപ്പെട്ടു.
“സർക്കാരിനെ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്‍ഫ്ലുവന്‍സര്‍മാര്‍ക്ക് 8 ലക്ഷം രൂപ വരെ നൽകുമെന്ന് ഉത്തർപ്രദേശ് സർക്കാർ പറയുന്നു. ഇത് നിയമവിധേയമായ കൈക്കൂലിയാണ്. നികുതിദായകൻ്റെ പണത്തിൽ നിന്നാണ് ഇത് കൊടുക്കുന്നത്. പണം സ്വീകരിക്കുന്ന ഏതൊരു ഇന്‍ഫ്ലുവന്‍സറെയും പരസ്യമായി നാണം കെടുത്തണം”- ധ്രുവ് റാഠി എക്സില്‍ കുറിച്ചു.
Uttar Pradesh Govt is saying it will pay up to ₹8 Lakh to Influencers to promote the govt.
This is Legalized Bribery.
From Tax Payer’s Money.Any influencer who does this should be publicly shamed.
— Dhruv Rathee (@dhruv_rathee) August 28, 2024
സംസ്ഥാന സർക്കാരിൻ്റെ നയങ്ങളും പദ്ധതികളും സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കാന്‍ ഇന്‍ഫ്ലുവന്‍സര്‍മാരെ പ്രോത്സാഹിപ്പിക്കുന്നതാണ് യുപി സർക്കാരിന്റെ പുതിയ നയം. യൂട്യൂബ്, ഇൻസ്റ്റഗ്രാം, എക്സ് പ്ലാറ്റ്ഫോം, ഫേസ്ബുക്ക് തുടങ്ങിയിടങ്ങളിൽ ഫോളോവേഴ്സിന് അനുസരിച്ച് പണം നൽകുന്ന നയം ഉത്തർ പ്രദേശ് മന്ത്രിസഭ അംഗീകരിച്ചു കഴിഞ്ഞു.
കണ്ടന്റ് ക്രിയേറ്റർമാരുടെ സോഷ്യൽ മീഡിയ ഫോളോവേഴ്സിനനുസരിച്ച് വിവിധ വിഭാഗങ്ങളാക്കി തിരിച്ചായിരിക്കും പരസ്യം നൽകുക. യൂട്യൂബ് അക്കൗണ്ടുകൾക്ക് 8 ലക്ഷം, 7 ലക്ഷം, 6 ലക്ഷം, 4 ലക്ഷം എന്നിങ്ങനെയാണ് മാസത്തിൽ നൽകുക. എക്സ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകൾക്ക് പ്രതിമാസത്തിൽ അഞ്ച് ലക്ഷം, നാല് ലക്ഷം, മൂന്ന് ലക്ഷം, രണ്ട് ലക്ഷം എന്നിങ്ങനെ ആയിരിക്കും പണം അനുവദിക്കുക.
കണ്ടന്റ് ക്രിയേറ്റർമാർ, ഏജൻസികൾ, സ്ഥാപനങ്ങൾ എന്നിങ്ങനെ വിഭാഗങ്ങളായി തിരിച്ചായിരിക്കും പരസ്യങ്ങൾ കൈമാറുക. സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾ പ്രചരിപ്പിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നാണ് സർക്കാരിന്റെ വിശദീകരണം. പദ്ധതി നടപ്പിലാക്കുന്നതിലൂടെ തൊഴിൽ സാധ്യതകൾ വർധിപ്പിക്കാൻ സാധിക്കുമെന്നും സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.