"നമുക്ക് ഒരുമിച്ച് പ്രശ്നം പരിഹരിക്കാം": ഷഹീൻ ബാഗ് പ്രതിഷേധക്കാരോട് മധ്യസ്ഥർ

രണ്ട് മാസത്തിലേറെയായി പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന സ്ത്രീകളോട് സംസാരിക്കാൻ സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥരായ സഞ്ജയ് ഹെഗ്‌ഡെ, സാധന രാമചന്ദ്രൻ എന്നിവർ ഡൽഹിയിലെ ഷഹീൻ ബാഗിൽ പ്രതിഷേധക്കാരെ കണ്ടു.

“പ്രതിഷേധിക്കാനുള്ള നിങ്ങളുടെ അവകാശം സുപ്രീം കോടതി ശരിവച്ചിട്ടുണ്ട്. ഞങ്ങൾ എല്ലാവരെയും കേൾക്കും. ലോകത്തിന് ഒരു മാതൃകയാകുന്ന തരത്തിൽ ഇതിനൊരു പരിഹാരം നമ്മൾ കണ്ടെത്തും,” സാധന രാമചന്ദ്രൻ പ്രതിഷേധക്കാരോട് പറഞ്ഞു.

പ്രതിഷേധിക്കുന്ന സ്ത്രീകളോട് മാധ്യമങ്ങളിൽ നിന്ന് മാറി ഒരു ചർച്ച നടത്താമെന്നാണ് മധ്യസ്ഥർ ആവശ്യപ്പെട്ടത്. അതേസമയം, റിപ്പോർട്ടർമാരുടെ സാന്നിധ്യത്തിൽ ചർച്ച നടത്തിയാൽ മതിയെന്നാണ് സ്ത്രീകൾ പറഞ്ഞത്.

രണ്ട് മുതിർന്ന അഭിഭാഷകരെ തിങ്കളാഴ്ച ഉന്നത കോടതി മധ്യസ്ഥരായി തിരഞ്ഞെടുത്തു. മറ്റൊരു സ്ഥലത്ത് തങ്ങളുടെ പ്രക്ഷോഭം തുടരാൻ പ്രതിഷേധക്കാരെ പ്രേരിപ്പിക്കുന്നതിനാണ് അവരെ ചുമതലപ്പെടുത്തിയിരിക്കുന്നത്, പ്രധിഷേധം നടക്കുന്ന പൊതു നിരത്ത് വീണ്ടും തുറക്കാനും യാത്രക്കാരുടെ അസൗകര്യം ഒഴിവാക്കാനുമാണ് ഇത്.