രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഉപഭോക്താക്കളുള്ള പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ പോര്‍ട്ടലിലെ ഭാഷ ഹിന്ദി മാത്രമാക്കി ചുരുക്കിയതില്‍ വ്യാപക വിമര്‍ശനം ഉയരുന്നു. നേരത്തെ ഹിന്ദി-പ്രാദേശിക ഭാഷ വിവാദം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് എല്‍ഐസി പ്രകോപനപരമായ നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത്.
വലിയ രീതിയുലുള്ള വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ ഉയരുന്നത്. നിരവധി വ്യക്തികള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. എല്‍ഐസിയുടെ വെബ്സൈറ്റിന്റെ ഭാഷ പെട്ടെന്ന് ഹിന്ദിയിലേക്ക് മാറ്റിയത് ഹിന്ദി സംസാരിക്കാത്തവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിന് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കേരള ഘടകം വിമര്‍ശനം ഉന്നയിച്ചു.
തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്. എല്‍ഐസി വെബ്സൈറ്റ് ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ഒരു പ്രചരണ ഉപകരണമായി ചുരുക്കിയിരിക്കുന്നു. ഇംഗ്ലീഷ് തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ പോലും ഹിന്ദിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നുവെന്ന് എംകെ സ്റ്റാലിന്‍ എക്‌സില്‍ കുറിച്ചു. നടപടി ഉടനടി പിന്‍വലിക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കേന്ദ്ര സര്‍ക്കാരിനൊപ്പം ചേര്‍ന്ന് എല്‍ഐസിയുടെ ബിസിനസ്സിലും ലാഭത്തിലും വിട്ടുവീഴ്ച ചെയ്തുകൊണ്ട് ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നെന്ന് മധുരൈ ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള സിപിഐഎം എംപി വെങ്കിടേശന്‍ കുറ്റപ്പെടുത്തി.