'ആംആദ്മി വിജയിച്ചു കഴിഞ്ഞാല്‍ ലെഫ്റ്റനന്റ് ഗവര്‍ണററുടെ തടസവാദ നയത്തിന് അറുതി ഉണ്ടാകും'; ഞങ്ങള്‍ക്കെതിരെ ഭരണവിരുദ്ധ വികാരം ഇല്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അതിഷി

ആംആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ ഭരണത്തില്‍ തിരിച്ചെത്തുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഡല്‍ഹി മുഖ്യമന്ത്രി അതിഷി. ഫെബ്രുവരി അഞ്ചിന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ആപ്പ് തന്നെ തുടര്‍ച്ചയായ നാലാം തവണയും അധികാരത്തില്‍ വരുമെന്നാണ് ആംആദ്മി പാര്‍ട്ടിയുടെ അവകാശവാദം. കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹിയില്‍ ലെഫ്റ്റനന്റ് ഗവര്‍ണറെ ഇറക്കി തടസവാദ നയം നടപ്പിലാക്കുന്നത് ആപ് വീണ്ടും അധികാരത്തില്‍ എത്തുന്നതോടെ ശക്തമല്ലാതാവുമെന്നും ആപ് നേതാവ് പറയുന്നു. തങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ ഭരണവിരുദ്ധവികാരം ഇല്ലെന്നും ആംആദ്മി പാര്‍ട്ടി ആവര്‍ത്തിച്ചു പ്രചരിപ്പിക്കുന്നുണ്ട്. ഡല്‍ഹിയില്‍ ത്രികോണമല്‍സരം നടക്കുമ്പോള്‍ കേന്ദ്രം ഭരിക്കുന്ന ബിജെപിയേയും പ്രതിപക്ഷമായ കോണ്‍ഗ്രസിനേയും ഒരേ തട്ടിലാണ് ആപ് നേരിടുന്നത്.

ഇന്ത്യ മുന്നണിയ്ക്കുള്ളില്‍ കോണ്‍ഗ്രസിനെ ഒറ്റപ്പെടുത്തി മറ്റ് സഖ്യകക്ഷികളുടെ പിന്തുണ ഡല്‍ഹിയില്‍ നേടിയ അരവിന്ദ് കെജ്രിവാളും കൂട്ടരും കടുത്ത ആക്രമണം കോണ്‍ഗ്രസിനെതിരെ അഴിച്ചുവിടുമ്പോള്‍ തിരഞ്ഞെടുപ്പിന് ശേഷം സഖ്യം ഒരിക്കലും ഇതുപോലാകില്ലെന്ന മുന്നറിയിപ്പും കോണ്‍ഗ്രസ് നല്‍കുന്നുണ്ട്. ലെഫ്റ്റനന്റ് ഗവര്‍ണറുടെ എല്ലാം എതിര്‍ക്കുന്ന നയം വീണ്ടും ആപ്പ് വരുന്നതോടെ കുറയുമെന്ന് ഏത് അര്‍ത്ഥത്തിലാണ് അതിഷി പറയുന്നതെന്ന സംശയം കേള്‍ക്കുന്നവര്‍ക്കുണ്ട്. കാരണം 2013 മുതല്‍ ആപ് ഭരിക്കുന്ന ഡല്‍ഹിയില്‍ ഗവര്‍ണര്‍ സര്‍ക്കാര്‍ തര്‍ക്കം പതിവാണ്. ഇനിയും അധികാരത്തില്‍ വന്നാല്‍ ഇതിലെന്ത് മാറ്റം വരുമെന്ന് പറയുന്നില്ലെങ്കിലും ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ ഒരു അഭിമുഖത്തില്‍ തങ്ങള്‍ ജയിച്ചാല്‍ ഗവര്‍ണറുടെ തടസവാദ സമീപനം കുറയുമെന്ന് അതിഷി പറയുന്നുണ്ട്.

ലെഫ്റ്റനന്റ് ഗവര്‍ണറുടെ തടസ്സവാദ സമീപനത്തെ സംബന്ധിച്ചിടത്തോളം ഞങ്ങള്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ അത് ഗണ്യമായി കുറയാന്‍ സാധ്യതയുണ്ടെന്ന് ഞാന്‍ കരുതുന്നു, ഞങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിപ്പിക്കുക, സര്‍ക്കാരിനെ സ്തംഭിപ്പിക്കുക എന്നതായിരുന്നു ബിജെപിയുടെ പദ്ധതി. പക്ഷേ അത് വിജയിച്ചില്ല, അവര്‍ എല്ലാ ശ്രമങ്ങളും നടത്തിയിട്ടും ഞങ്ങള്‍ക്ക് പലതും ഭരണത്തില്‍ നടപ്പിലാക്കാന്‍ കഴിഞ്ഞു. ഞങ്ങള്‍ക്ക് നിറവേറ്റാന്‍ കഴിയാത്ത ചില കാര്യങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും വലിയതോതില്‍ ആപ് സര്‍ക്കാരിനെതിരെ ഭരണ വിരുദ്ധതയില്ല.

ഗവര്‍ണര്‍ സക്‌സേന പല അവസരങ്ങളിലും തന്റെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചിട്ടുണ്ടെന്നും അതിഷി പറയുന്നു. കെജ്രിവാള്‍ മുഖ്യമന്ത്രിയായിരുന്ന സമയത്തെ പോലെ എല്ലാത്തിലും പ്രശ്‌നമുണ്ടാക്കാതെ ചിലപ്പോഴെങ്കിലും തന്റെ പ്രവര്‍ത്തനങ്ങളെ അംഗീകരിച്ചിരുന്നുവെന്നാണ് അതിഷി പറഞ്ഞത്. അങ്ങനെ ഉള്ളതിലനാല്‍ വോട്ട് ചെയ്യാന്‍ പോകുമ്പോള്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ നല്ലാതാണെന്ന് ബോധ്യമുള്ളതിനാല്‍ ആംആദ്മിയ്ക്ക് വോട്ട് ചെയ്യണം ഗവര്‍ണര്‍ സക്‌സേനയെന്നും അതിഷി പറയുന്നുണ്ട്.

Read more