തെലങ്കാനയിൽ തുരങ്കത്തിൽ കുടുങ്ങിയ എട്ട് പേരെ രക്ഷിക്കാനിറങ്ങിയ രക്ഷാപ്രവർത്തകരുടെ ജീവനും ഭീഷണിയിലെന്ന് ജലസേചന മന്ത്രി ഉത്തംകുമാർ റെഡ്ഡി. തുരങ്കത്തിൽ വെള്ളവും ചെളിയും ഒഴുകിയിറങ്ങുന്നതാണ് രക്ഷാപ്രവർത്തകരുടെയും കുടുങ്ങി കിടക്കുന്നവരുടെയും ജീവന് ഭീഷണിയാവുന്നത്. ഇടുങ്ങിയ സ്ഥലങ്ങളിൽ പറക്കാൻ ശേഷിയുള്ള ക്യാമറ ഘടിപ്പിച്ച ഡ്രോണുകൾ, സോണാർ, പോർട്ടബിൾ ക്യാമറ റോബോട്ടുകൾ തുടങ്ങിയവ ഉപയോഗിച്ചുള്ള രക്ഷാ പ്രവർത്തനം തുടരുകയാണ്.
തുരങ്കത്തിൽ വീണ്ടും മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിനെ തുടർന്ന് രക്ഷാപ്രവർത്തനം താത്കാലികമായി നിർത്തിവച്ചേക്കുമെന്ന് കഴിഞ്ഞ ദിവസം വാർത്ത വന്നിരുന്നു. തുരങ്കത്തിൽ ചളിയും വെളളവും കൂടുന്നുണ്ടെന്ന് തിങ്കളാഴ്ച രക്ഷാദൗത്യത്തിന് ഇറങ്ങിയവർ പറഞ്ഞിരുന്നു. തുരങ്കത്തിലെ ചില ഭാഗങ്ങൾ തകർന്ന നിലയിലാണ്. അതുകൊണ്ട് തന്നെ രക്ഷാപ്രവർത്തനം നടത്തുന്നത് അപകടകരമാണെന്ന് ഓസ്ട്രേലിയൻ ടണൽ എക്സപേർട്ടായ ക്രിസ് കൂപ്പറിനെ ഉദ്ധരിച്ച് റിപ്പോർട്ട്.
കുടുങ്ങി കിടക്കുന്ന തൊഴിലാളികളെ ജീവനോടെ പുറത്തെത്തിക്കാനുള്ള സാധ്യത കുറവാണെന്ന് ടൂറിസം വകുപ്പ് മന്ത്രി ജുപ്പള്ളി കൃഷ്ണ റാവു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തുരങ്കത്തിൽ കുടുങ്ങിയവർക്ക് ഓക്‌സിജൻ നൽകുന്നുണ്ട്. സൈന്യത്തിന്റെ എൻജിനീയറിങ് ടാസ്‌ക് ഫോഴ്‌സും റാറ്റ് മൈനേഴ്സും ഇന്നലെ രക്ഷാപ്രവർത്തനത്തിനായി സ്ഥലത്ത് എത്തിയിരുന്നു.
Read more
കൂർനൂൽ ജില്ലയിലെ ദൊമലപെന്റയിൽ നിർമാണം പുരോഗമിക്കുന്ന ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാൽ (എസ്എൽബിസി) ടണലിന്റെ ഒരു ഭാഗമാണ് ശനിയാഴ്ച രാവിലെ 8.30 ഓടെ തകർന്നുവീണത്. രണ്ട് എൻജിനീയർ അടക്കം എട്ട് തൊഴിലാളികളായിരുന്നു കുടുങ്ങിയത്. ബാക്കിയുള്ളവർ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. കുറച്ചു നാളുകളായി നിർമാണ പ്രവർത്തനങ്ങൾ നടക്കാതിരുന്ന തുരങ്കത്തിൽ വീണ്ടും നിർമാണം ആരംഭിക്കുകയായിരുന്നു.